'കൊവിഡിൽ കൈവിട്ട ജാഗ്രത', പ്രതിദിന രോഗബാധിതർ ഒന്നരലക്ഷം കടന്നു, മരണസഖ്യയും ഉയരുന്നു

By Web TeamFirst Published Apr 11, 2021, 10:14 AM IST
Highlights

കഴിഞ്ഞ ആറ് ദിവസങ്ങളായി പ്രതിദിന കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. രോഗബാധിതരുടെ എണ്ണമുയരുന്നത് പലയിടത്തും ആശുപത്രികളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. 

ദില്ലി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 1,52,879 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസഖ്യയും ഉയരുകയാണ്. 839 പേർ മരിച്ചു, പതിനൊന്ന് ലക്ഷത്തിലേറെ പേർ നിലവിൽ ചികിത്സയിലുണ്ട്. 

കഴിഞ്ഞ ആറ് ദിവസങ്ങളായി പ്രതിദിന കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്. രോഗബാധിതരുടെ എണ്ണമുയരുന്നത് പലയിടത്തും ആശുപത്രികളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. 

രാജ്യത്ത് പത്ത് കോടിയിലേറെ പേര്‍ക്ക് ഇതിനോടകം വാക്സീന്‍ നല്‍കിയെങ്കിലും ജനങ്ങൾക്കിടയിൽ വാക്സിൻ വിമുഖത തുടരുന്നുവെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. കേരളമടക്കം പല സംസ്ഥാനങ്ങളിലും ഇത് പ്രകടമാണെന്നും വാക്സിനേഷനൊപ്പം ബോധവത്ക്കരണ പരിപാടികളും ഊർജ്ജിതമാക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. 

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത വാക്സീന്‍ ഉത്സവത്തിന് ഇന്ന് തുടക്കമാകും. അര്‍ഹരായ കൂടുതല്‍ പേരിലേക്ക് വാക്സീന്‍ എത്തിക്കാന്‍ വാര്‍ഡ് തലം മുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ നാല്‍പത്തിയഞ്ച് വയസിന് മുകളിലുള്ള  ജീവനക്കാര്‍ക്ക് തൊഴിലിടങ്ങളിലും ഇന്ന് മുതല്‍ വാക്സീന്‍ നല്‍കാന്‍ നിര്‍ദ്ദേശമുണ്ട്. മരുന്നിന്  ക്ഷാമം നേരിടുന്നതിനാല്‍ പല സംസ്ഥാനങ്ങളും ബുധനാഴ്ച വരെ നീളുന്ന വാക്സീന്‍ ഉത്സവം നടത്താനാകുമോയെന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ട്. 

click me!