'ജനതാ കർഫ്യൂ' പ്രഖ്യാപിച്ച് പ്രധാനമന്ത്രി. സാമൂഹ്യവ്യാപനത്തിലേക്ക് കടക്കാതിരിക്കാൻ പൊതുവിടങ്ങൾ അടയ്ക്കുമ്പോഴും സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഇറ്റലിയിലെ മരണനിരക്ക് ഭയാനകം. തത്സമയം.

11:04 PM (IST) Mar 20
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്ക് പ്രകാരം രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 236
10:50 PM (IST) Mar 20
തെലങ്കാനയിൽ ഒരാൾക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കരിംനഗറിലെത്തിയ 10 അംഗ ഇന്തോനേഷ്യൻ സംഘത്തിലെ 9 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
09:45 PM (IST) Mar 20
കൊവിഡ് 19നെ തുടർന്നുണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പത്ത് ശതമാനം കുറയ്ക്കുമെന്ന് എയർ ഇന്ത്യ. ക്യാബിൻ ക്രൂ ഒഴികെ ഉള്ളവരുടെ ആണ് ശമ്പളം കുറയ്ക്കുക. അടുത്ത 3 മാസത്തേക്കാണ് നടപടി.
09:43 PM (IST) Mar 20
തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നാളെ മുതൽ ദർശനം നിർത്തി. ദർശനം നിയന്ത്രിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
09:42 PM (IST) Mar 20
രാജസ്ഥാൻ എംപി ദുഷ്യന്ത് സിംഗുമായി ഇടപഴകിയ പത്തോളം എംപിമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ഉത്തർപ്രദേശിലെ മൂന്നു എംഎൽഎമാരും സ്വയം നിരീക്ഷണത്തിൽ.
09:40 PM (IST) Mar 20
മദ്ധ്യപ്രദേശിലും കൊവിഡ് 19 സ്ഥിരീകരിച്ചു. ജബൽപ്പൂരിലാണ് നാല് പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
09:39 PM (IST) Mar 20
യുഎസ്, യുകെ, ആസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് വരുന്ന എല്ലാവരെയും പരിശോധിക്കുവാൻ തീരുമാനം.
09:38 PM (IST) Mar 20
കോവിഡ്-19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ പൊതുസ്ഥലങ്ങളിലും സ്വകാര്യയിടങ്ങളിലും ജനങ്ങൾ കൂട്ടംകൂടുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ നിയന്ത്രണം ഏർപ്പെടുത്തി. ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ, സമ്മേളനങ്ങൾ, പൊതു പരിപാടികൾ എന്നിവയ്ക്ക് അമ്പതിൽ കൂടുതൽ ആളുകൾ കൂട്ടംചേരാൻ പാടില്ല. എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും ഇക്കാര്യം ഉറപ്പുവരുത്തണം. ഉത്തരവ് ലംഘിച്ചാൽ രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കും.
09:38 PM (IST) Mar 20
കൊവിഡ് 19 പ്രതിരോധത്തിൽ അടുത്ത മൂന്ന് മുതൽ നാല് ആഴ്ച വരെ നിർണായകം ആണെന്ന് പ്രധാനമന്ത്രി. സാമൂഹിക അകലം പാലിക്കുക നിർബന്ധം ആണെന്നും സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്താൻ അഭ്യർഥിച്ചു എന്നും പ്രധാനമന്ത്രി. മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിങ് വഴി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
09:37 PM (IST) Mar 20
കേരള ആർടിസി ബെംഗളൂരുവിൽ നിന്നുള്ള സർവീസുകൾ നാളെ മുതൽ നിർത്തും. മൈസൂരുവിൽ നിന്നും സർവീസ് ഇല്ല.
09:37 PM (IST) Mar 20
കനിക കപൂർ പങ്കെടുത്ത എല്ലാ വിരുന്നുകളെ കുറിച്ചും വിശദമായി അന്വേഷിക്കാൻ തീരുമാനം. വിരുന്നുകൾ നടന്ന സ്ഥലങ്ങളും പങ്കെടുത്തവരെ കുറിച്ചുള്ള വിശദ വിവരങ്ങളും ശേഖരിക്കും. ലക്നൗ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക.
09:36 PM (IST) Mar 20
ജനത കർഫ്യൂവിന്‍റെ ഭാഗമായി പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തില്ല. ഞായർ അർദ്ധരാത്രി 12 മണി മുതൽ യാത്ര ആരംഭിക്കുന്ന ട്രെയിനുകൾ ആണ് സർവീസ് നടത്താതെ ഇരിക്കുക. 12 മണിക്ക് മുമ്പ് യാത്ര തുടങ്ങിയ പാസഞ്ചർ ട്രെയിനുകൾ സാധാരണ രീതിയിൽ സർവീസ് നടത്തും
09:36 PM (IST) Mar 20
കൊവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് സ്ഥാപനമായ ഐആർസിടിസി ട്രെയിനുകളിലെ ഭക്ഷണ വിതരണം നിർത്തി വച്ചു.
08:21 PM (IST) Mar 20
കുടക് ജില്ലയിൽ നിന്ന് കാസർകോടേക്കുള്ള എല്ലാ റോഡുകളും പൂർണമായും അടച്ചു
08:20 PM (IST) Mar 20
ഞായറാഴ്ച സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് സർവീസ് നടത്തില്ല. ഓൾ കേരള ബസ് ഓപ്പറേറ്റർസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടേതാണ് തീരുമാനം.
08:18 PM (IST) Mar 20
ഞായറാഴ്ച സംസ്ഥാനത്തെ എല്ലാ കടകളും അടച്ചിടും വ്യാപാരി വ്യവസായി ഏകോപന സമിതി
08:17 PM (IST) Mar 20
ഹിമാചൽ പ്രദേശിൽ രണ്ട് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആദ്യമായാണ് ഹിമാചലിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യുന്നത്.
08:04 PM (IST) Mar 20
സംസ്ഥാനാന്തര യാത്രക്കാരെ വിലക്കി തമിഴ്നാട്. കേരള കർണാടക ആന്ധ്ര വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തി.അത്യാവശ്യ സർവ്വീസുകൾക്ക് മാത്രം പ്രവേശനം അനുവദിക്കും. ആംബുലൻസ്, പാൽ, പെട്രോൾ, ഡീസൽ, പച്ചക്കറി, ഗ്യാസ് വാഹനങ്ങൾക്ക് മാത്രം പ്രവേശനം. സർക്കാർ ബസുകളുടെ എണ്ണം വെട്ടിചുരുക്കി. സ്വകാര്യ ബസുകൾക്കും നിയന്ത്രണം. ബസുകളിൽ എത്തുന്നവരെ പരിശോധിച്ച ശേഷമേ കടത്തി വിടൂ.
മാർച്ച് 31 വരെയാണ് അതിർത്തികളിലെ നിയന്ത്രണം.
07:52 PM (IST) Mar 20
കാസർകോട് ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടു പേർ മുമ്പേ രോഗം സ്ഥിരീകരിച്ചയാളുടെ ബന്ധു. പാലക്കാട്ടെ രോഗബാധിതൻ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
07:50 PM (IST) Mar 20
സംസ്ഥാനത്തെ സ്കൂളുകളില്‍ അധ്യാപകര്‍ നാളെ മുതൽ വരേണ്ടതില്ല. കോളേജ് അധ്യാപകരും വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി.
07:46 PM (IST) Mar 20
പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനതാ കർഫ്യുവുമായി സംസ്ഥാനം സഹകരിക്കുമെന്ന് മുഖ്യമന്ത്രി. ഞായറാഴ്ച കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തില്ല. മെട്രോ സർവ്വീസും ഉണ്ടാകില്ല. ഞായറാഴ്ച വീടുകൾ ശുചീകരിക്കണമെന്നും മുഖ്യമന്ത്രിയുടെ ആഹ്വാനം.
07:42 PM (IST) Mar 20
കാസര്‍കോട് രോഗബാധിതന്‍ തോന്നുംപോലെ സഞ്ചരിച്ചു . ജാഗ്രത പാലിക്കാത്തതിനാൽ വരുത്തിവച്ച വിനയെന്ന് മുഖ്യമന്ത്രി . കാസര്‍കോട് ജില്ലയിൽ കൂടുതൽ കരുതൽ വേണമെന്ന് പിണറായി . കരിപ്പൂരില്‍ ഇറങ്ങി അന്നേ ദിവസം അവിടെ തങ്ങിയ ശേഷം കോഴിക്കോട് എത്തി അവിടെ നിന്നും മാവേലി എക്സ്പ്രസിലാണ് ഇയാള്‍ കാസര്‍ഗോഡേക്ക് പോയത്. നാട്ടില്‍ വന്ന ശേഷം കല്ല്യാണ പരിപാടികളിലും മറ്റു നിരവധി സ്വകാര്യ ചടങ്ങുകളിലും ഇയാള്‍ പങ്കെടുത്തു. പലസ്ഥലങ്ങളിലും കറങ്ങി നടന്നു.
07:40 PM (IST) Mar 20
കാസര്‍കോട് ജില്ലയില്‍ കടുത്ത നിയന്ത്രണം വേണമെന്ന് മുഖ്യമന്ത്രി. പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാത്തവര്‍ക്കെതിരെ ഇനി കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി. ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ച അടച്ചിടും. രണ്ടാഴ്ചത്തേക്ക് എല്ലാ ആരാധനാലയങ്ങളും അടച്ചിടും. കടകൾ രാവിലെ 11 മുതൽ വൈകീട്ട് അഞ്ച് വരെ മാത്രം തുറക്കും.
07:39 PM (IST) Mar 20
സംസ്ഥാനത്ത് 12 പുതിയ കൊവിഡ് 19 കേസുകൾ കൂടി. എറണാകുളത്ത് അഞ്ച് പേര്‍ക്കും കാസര്‍കോട് ആറ് പേര്‍ക്കും പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
06:40 PM (IST) Mar 20
ബെംഗളൂരു: ബെംഗളൂരുവിലെ ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുന്നത് വിലക്കി. ഹോട്ടലുകളിൽ പാചകം നടത്തുന്നതിന് വിലക്കില്ല, പാഴ്സൽ മാത്രം അനുവദിക്കും.
06:38 PM (IST) Mar 20
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും യാത്ര പുറപ്പെടുന്നവരെയും പരിശോധന വിധേയമാക്കും.
06:38 PM (IST) Mar 20
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തി. പൈങ്കുനി ഉൽസവം ചടങ്ങുകൾ മാത്രമായി നടത്തും.ക്ഷേത്രത്തിൽ ചോറൂണ് ചടങ്ങ് ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ നിർത്തിവച്ചു. 5 പേരെ വീതമായിരിക്കും ക്ഷേത്രത്തിനുള്ളിലേക്ക് കടത്തിവിടുക.
06:23 PM (IST) Mar 20
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 223 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതിന് പിന്നാലെയാണ് കേരളത്തിൽ 5 വിദേശികൾക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇവരെ കൂടി കണക്കിലെടുത്താൽ രാജ്യത്ത് 228 പേർ രോഗബാധിതരാണ്.
സചിത്ര വിവരണം കാണാം. ഓരോ സംസ്ഥാനങ്ങളിലെയും കണക്കുകൾ കാണാൻ അതാത് സംസ്ഥാനങ്ങളുടെ മേൽ മൗസ് പോയന്‍റർ വയ്ക്കുക. കണക്കുകൾക്ക് അവലംബം: പ്രസ് ഇൻഫോർമേഷൻ ബ്യൂറോ, ഇന്ത്യൻ കൗൺസിൽ ഫോർ, മെഡിക്കൽ റിസർച്ച്, സംസ്ഥാന ആരോഗ്യവകുപ്പ്.
06:07 PM (IST) Mar 20
വയനാട്: തിരുനെല്ലി ക്ഷേത്രത്തിൽ ഈ മാസം ഇനി ബലികർമങ്ങൾ ഉണ്ടാകില്ലെന്ന് അറിയിപ്പ്. നടതുറക്കുന്ന സമയം രാവിലെ 5.30 മുതൽ 10 മണി വരെയും വൈകീട്ട് 6 മുതൽ 8 വരെയും ആയി ചുരുക്കി.
06:01 PM (IST) Mar 20
കൊച്ചി: ആദ്യം രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍റെ ആരോഗ്യനില തൃപ്തികരം അല്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ.
06:00 PM (IST) Mar 20
അഹമ്മാദാബാദ്: ഗുജറാത്തിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വഡോദരയിലും അഹമ്മദാബാദിലുമാണ് കൊവിഡ് ബാധിതർ. സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 5 ആയി.
05:58 PM (IST) Mar 20
രോഗം സ്ഥിരീകരിച്ച 5 പേർക്കും അറുപത് വയസിന് മുകളിൽ പ്രായമുണ്ട്. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു.
05:51 PM (IST) Mar 20
കൊച്ചി: കൊച്ചിയില്‍ അഞ്ചുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരനൊപ്പം വന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റ് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കൊവിഡ് സ്ഥിരീകരിച്ചവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
05:37 PM (IST) Mar 20
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 223 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിൽ 32 പേർ വിദേശികളാണ്.
05:36 PM (IST) Mar 20
ചെന്നൈ/ബെംഗളൂരു: ജനതാ കർഫ്യൂവിന് പിന്തുണയെന്ന നിലയിൽ ചെന്നൈ, ബെംഗളൂരു മെട്രോകൾ ശനിയാഴ്ച സർവ്വീസ് നടത്തില്ല.
05:26 PM (IST) Mar 20
വയനാട്: ക്വാറന്‍റൈൻ വിലക്ക് ലംഘിച്ചതിന് വയനാട്ടിൽ അറസ്റ്റിലായവരുടെ എണ്ണം 4 ആയി. അമ്പലവയൽ, പുൽപ്പള്ളി സ്വദേശികളായ 2 പേരെയാണ് അൽപസമയം മുമ്പ് അറസ്റ്റ് ചെയ്തത്. വ്യാജ പ്രചാരണം നടത്തിയതിന് 2 പേരെയും ഇന്ന് അറസ്റ്റുചെയ്തു. ആകെ ആറ് പേർ നിലവിൽ ജില്ലയിൽ അറസ്റ്റിലായിട്ടുണ്ട്.
05:25 PM (IST) Mar 20
കൊച്ചി: കോവിഡ്- 19 പ്രതിരോധ പ്രവർത്തങ്ങൾക്ക് പൂർണ സഹകരണം അറിയിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രികൾ. 6 ഐസോലേഷൻ വാർഡുകൾ, 94 ഐസിയുകൾ, 197 ഐസൊലേഷൻ ബെഡുകൾ 35 വെന്‍റിലേറ്ററുകൾ, 120 വാർഡ് ബെഡുകൾ എന്നിവ സജ്ജമാക്കുന്നതിനുള്ള സന്നദ്ധത സ്വകാര്യ ആശുപത്രികൾ അറിയിച്ചു. 25 ആശുപത്രി പ്രതിനിധികൾ മന്ത്രി വി എസ് സുനിൽ കുമാറുമായും കളക്ടർ എസ് സുഹാസുമായും ചർച്ച നടത്തി.
05:21 PM (IST) Mar 20
കൊവിഡ് പശ്ചാത്തലത്തിൽ സിവിൽ സർവീസ് ഇന്‍റർവ്യൂ മാറ്റിവെച്ചു . മാർച്ച് 23 മുതൽ ഏപ്രിൽ 3 വരെയുള്ള ഇന്‍റർവ്യൂകളാണ് മാറ്റിവെച്ചത്.
05:20 PM (IST) Mar 20
കോട്ടയത്ത് ആശുപത്രി നിരീക്ഷണത്തിൽ നിന്ന് ഒരാൾ കൂടി ഒഴിവായി. നിലവിൽ 5 പേർ നിരീക്ഷണത്തിലുണ്ട്. 1871 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
04:53 PM (IST) Mar 20
ഇന്ത്യയിലുള്ള എല്ലാ വിദേശികളുടെയും വിസ നീട്ടി നല്കാൻ സർക്കാർ തീരുമാനം. ഏപ്രിൽ 15 വരെയാണ് വിസ നീട്ടി നല്കുന്നത്.