തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വൈറസ് വ്യാപിക്കുന്നുവെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് സംസ്ഥാനത്ത് 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നും കാര്യങ്ങള്‍ കുറേക്കൂടി ഗൗരവമായി എടുക്കേണ്ട അവസ്ഥയാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. എറണാകുളത്ത് അഞ്ച് പേര്‍ക്കും കാസര്‍കോട് ആറ് പേര്‍ക്കും പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

 മൂന്നാറില്‍ നിന്നും നെടുമ്പാശ്ശേരി വഴി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടിയ ബ്രിട്ടീഷ് പൗരന്‍മാരുടെ സംഘത്തില്‍പ്പെട്ട അഞ്ച് പേര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പാലക്കാട് സ്വദേശി നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയ ശേഷം രോഗലക്ഷങ്ങള്‍ കണ്ടെത്തിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഈ രണ്ട് സംഭവങ്ങളിലും നേരത്തെ തന്നെ രോഗികളെ കണ്ടെത്തി മാറ്റിപാര്‍പ്പിച്ചതിനാല്‍ കൂടുതല്‍ ആശങ്കയ്ക്ക് വകയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം കാസര്‍ഗോഡ് ജില്ലയില്‍ സ്ഥിഗതികള്‍ അതീവഗുരുതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

വിദേശത്തു നിന്നും വന്ന രണ്ട് പേര്‍ക്കും ഇവരുടെ ബന്ധുക്കളായ രണ്ട് പേര്‍ക്കുമാണ് കാസര്‍കോട് രോഗബാധ സ്ഥിരീകരിച്ചത്.  കാസര്‍ഗോഡ് കൊവിഡ് വൈറസ് വ്യാപിച്ചത് തീര്‍ത്തും വിചിത്രമായ സാഹചര്യങ്ങളിലാണ്. കാസര്‍ഗോഡ് രോഗം സ്ഥിരീകരിച്ച ഒരാള്‍ കരിപ്പൂരില്‍ ഇറങ്ങി അന്നേ ദിവസം അവിടെ തങ്ങിയ ശേഷം കോഴിക്കോട് എത്തി അവിടെ നിന്നും മാവേലി എക്സ്പ്രസിലാണ് ഇയാള്‍ കാസര്‍ഗോഡേക്ക് പോയത്. 

നാട്ടില്‍ വന്ന ശേഷം കല്ല്യാണ പരിപാടികളിലും മറ്റു നിരവധി സ്വകാര്യ ചടങ്ങുകളിലും ഇയാള്‍ പങ്കെടുത്തു. പലസ്ഥലങ്ങളിലും കറങ്ങി നടന്നു. തത്ഫലമായി രണ്ട് എംഎല്‍എമാരടക്കം നിരവധി പേരെയാണ് ഇപ്പോള്‍ നിരീക്ഷണത്തിലാക്കേണ്ടി വന്നത്. ഈ സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തന്നെ വേണ്ടി വരും. ഇതിനുള്ള ഉത്തരവ് ഉടനെ ഇറക്കും. ആരാധാനലായങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടുത്ത രണ്ടാഴ്ച അടച്ചിടേണ്ടി വരും. കാസര്‍ഗോഡ് രോഗം സ്ഥിരീകരിക്കപ്പെട്ട മറ്റു രണ്ട് പേരുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

 കൊവിഡ് 19 ന്റെ സാഹചര്യം കേന്ദ്ര സർക്കാർ ഗൌരവമായി എടുത്തതിന് തെളിവാണ് പ്രധാനമന്ത്രി യുടെ വാക്കുകളെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പൂർണമായും അനുസരിക്കും. ജനതാ കര്‍ഫ്യൂവിനോട് സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കും. അന്നേദിവസം കെഎസ്ആര്‍ടി- മെട്രോ സര്‍വ്വീസുകള്‍ ഉണ്ടാവില്ല. 

ഇപ്പോൾ കാസർകോട് ജില്ലയിൽ എല്ലാ പരീക്ഷകളും റദ്ദാക്കേണ്ട സാഹചര്യം വന്നു. അപ്പോൾ മറ്റിടത്ത് പരീക്ഷകൾ നടത്താനാവില്ല.അതിനാലാണ് എല്ലായിടത്തും റദ്ദാക്കിയത്. കാസര്‍ഗോഡ് ജില്ലയിലെ സർക്കാർ ഓഫീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരാഴ്ച അടച്ചിടും. എല്ലാ വ്യാപാരസ്ഥാപനങ്ങളും രാവിലെ 11 മണി മുതല്‍ അഞ്ച് വരെ മാത്രമേ തുറക്കാവൂ. എല്ലാ ക്ലബുകളും രണ്ടാഴ്ച അടച്ചിടണം. ഒരുമിച്ചുള്ള ജുമാ നമസ്കാരം ഒഴിവാക്കണം.

കൊവിഡ് പ്രതിരോധ നടപടികളോട് സഹകരിക്കണമെന്ന് ഇതുവരെ എല്ലാവരോടും അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും ഇനിയങ്ങോട്ട് കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കൊവിഡിനെതിരായ പോരാട്ടത്തില്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ട സമയമായിട്ടുണ്ട്. എല്ലാവരും കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കണം - മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ജനത കര്‍ഫ്യുവും മറ്റു നിയന്ത്രണങ്ങളും കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക്  ബാധകമല്ല. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ ഓഫീസിലെയും സെക്രട്ടറിക്കും വകുപ്പ് മേധാവിമാർക്കും ഇതുമായി ബന്ധപ്പെട്ട് നിയന്ത്രണം നല്‍കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ വസ്തുനികുതിയും വ്യാപാര നികുതിയും അടയ്ക്കാൻ ഏപ്രിൽ 30 വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും റെവന്യു റിക്കവറി നടപടികൾ ഏപ്രിൽ 30 വരെ നീട്ടിവച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 
കൊവിഡ് സ്ഥിതിവിവരകണക്കുകള്‍ - 

  • സംസ്ഥാനത്ത് ആകെ 44390 ആളുകള്‍ നിരീക്ഷണത്തില്‍ 
  • ഇതില്‍ 44,195 പേര്‍ വീടുകളില്‍,  225 പേര്‍ ആശുപത്രികളില്‍ 
  • 13632 പേര്‍ ഇന്ന് മാത്രം നിരീക്ഷണത്തിലായി 
  • 56 പേരെ ആശുപത്രി നിരീക്ഷണത്തിലേക്ക മാറ്റി.
  • രോഗബാധയില്ലെന്ന് തെളിഞ്ഞ 5570 പേരെ നിരീക്ഷണത്തില്‍ നിന്നും  ഒഴിവാക്കി 
  • 3436 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു
  • ഇതില്‍ 2393 എണ്ണം നെഗറ്റീവാണ്.