ലോക്ക് ഡൗൺ ഇളവുകൾ നാളെ മുതൽ; പ്രഖ്യാപിച്ചതിനേക്കാള്‍ ഇളവുകൾ നല്‍കിയേക്കും

By Web TeamFirst Published Apr 19, 2020, 5:34 AM IST
Highlights

വാണിജ്യ, വ്യവസായ സംരഭങ്ങളും നാളെ മുതൽ പുനരാരംഭിക്കാം. സ്വകാര്യ സ്ഥാപനങ്ങൾ തുറക്കാം. നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാം. അവശ്യസര്‍വ്വീസുകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. 

ദില്ലി: കൊവി‍ഡ് 19 വ്യാപനം തുടയുന്നതിനായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ നാളെ മുതൽ ഇളവ്‌. കൊവിഡ് തീവ്രബാധിത മേഖലകളൊഴിയുള്ള പ്രദേശങ്ങളില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ട്വിറ്റിലൂടെയാണ് കൂടുതല്‍ ഇളവുകളെക്കുറിച്ച് അറിയിച്ചത്.

ആയുഷ് ഉള്‍പ്പെടെ എല്ലാ ആരോഗ്യ സേവനങ്ങളും അനുവദിക്കും. കാര്‍ഷിക വൃത്തിക്കും മത്സ്യബന്ധനത്തിനും തടസമുണ്ടാവില്ല. അന്‍പത് ശതമാനം ജോലിക്കാരെ നിയോഗിച്ച് പ്ലാന്‍റേഷന്‍ ജോലികളും നാളെ മുതൽ പുനരാരംഭിക്കാം. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട മേഖലകളും ഇളവുകളില്‍ പെടും. സാമൂഹിക അകലം പാലിച്ചും, മാസ്കുകള്‍ ധരിച്ചും തൊഴിലുറപ്പ് ജോലികള്‍ പുനരാരംഭിക്കാം. ചരക്ക് നീക്കം സുഗമമാക്കാം. 

വാണിജ്യ, വ്യവസായ സംരഭങ്ങളും നാളെ മുതൽ പുനരാരംഭിക്കാം. സ്വകാര്യ സ്ഥാപനങ്ങൾ തുറക്കാം. നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാം. അവശ്യസര്‍വ്വീസുകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും കേന്ദ്രഭരണ പ്രദേശങ്ങളിലെ ഓഫീസുകളും തുറക്കാമെന്നുമാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. ഗ്രാമീണ മേഖലയിലെ ചില വ്യവസായങ്ങള്‍, ഐടി,
ഇകൊമേഴ്സ്, കൃഷി എന്നിവ അനുവദിക്കുമെന്നാണ് കേന്ദ്രം ഒടുവില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.

അതേസമയം, ബസ് സർവ്വീസും മെട്രോയും ഉൾപ്പടെ പൊതുഗതാഗതം അനുവദിക്കില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധാനാലയങ്ങളും അടച്ചിടുന്നത് തുടരണമെന്നും കേന്ദ്ര സർക്കർ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തിലുണ്ട്.

click me!