ലോക്ക് ഡൗൺ തുടരുമ്പോൾ വ്യവസായമേഖലയ്ക്ക് അടക്കം നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ചെറുകിട വ്യാപാരസ്ഥാപനങ്ങൾക്ക് അടക്കം ഇളവില്ല. സംസ്ഥാനത്തിന്‍റെ തീരുമാനം നാളെ അറിയാം.
ദില്ലി: പുതുക്കിയ കൊവിഡ് ലോക്ക് ഡൗൺ മാർഗനിർദേശങ്ങളിലും വലിയ ഇളവുകൾ പ്രഖ്യാപിക്കാതെ കേന്ദ്രസർക്കാർ. പൊതുഗതാഗതത്തിൽ ഒരു കാരണവശാലും ഇളവുകൾ ഉണ്ടാകില്ല. മതപരമായ ചടങ്ങുകളടക്കം ഒരു പൊതുപരിപാടികളും അനുവദിക്കില്ല. സംസ്കാരച്ചടങ്ങുകളിൽ ഇരുപത് പേരിൽ കൂടുതൽ അനുവദിക്കില്ല. അവശ്യസർവീസുകൾക്കല്ലാതെ ഉള്ള വ്യവസായമേഖലയിലെ സ്ഥാപനങ്ങൾക്ക് ഇളവുകളില്ല.
വിദ്യാഭ്യാസസ്ഥാപനങ്ങളോ കോച്ചിംഗ് കേന്ദ്രങ്ങളോ ഒരു കാരണവശാലും തുറക്കരുത്. ആരാധനാലയങ്ങളും തുറക്കാൻ പാടില്ല. മത, രാഷ്ട്രീയ, സാമൂഹ്യ, കായിക, വിനോദ, വിജ്ഞാന, സാംസ്കാരിക, മത പരിപാടികളൊന്നും പാടില്ല. ക്വാറന്‍റൈൻ കാലാവധി പൂർത്തിയായ ആളുകൾ നിശ്ചിത പരിശോധനകൾക്ക് ശേഷം മാത്രമേ പുറത്തിറങ്ങാവൂ. അതും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചത്. അതല്ലെങ്കിൽ പൊതുജനാരോഗ്യനിയമപ്രകാരം കേസെടുക്കും.
വ്യാപാരമേഖലയിൽ ഇളവുകൾ ഉള്ളത് എന്തിനൊക്കെയെന്ന് വിശദമായി പരിശോധിക്കാം:
1. റേഷൻ ഷാപ്പുകൾ തുറക്കാം, ഭക്ഷണം, പലചരക്ക്, പഴം, പച്ചക്കറി, പാൽ, പാലുൽപ്പന്നങ്ങൾ, ഇറച്ചി, മീൻ വിൽപന, വൈക്കോൽ, വളം, കീടനാശിനി കടകൾ, വിത്ത് - എന്നിവ വിൽക്കുന്ന കടകളും വ്യാപാരസ്ഥാപനങ്ങളും തുറക്കാം. ഇവയിൽ പരമാവധിയും വീട്ടിലേക്ക് സാധനങ്ങൾ എത്തിക്കുന്ന രീതിയിലാക്കാമെങ്കിൽ അതാണ് നല്ലത്.
2. ബാങ്കുകൾ, ഇൻഷൂറൻസ് ഓഫീസുകൾ, എടിഎമ്മുകൾ, ബാങ്കുകൾക്ക് വേണ്ടി സേവനം നൽകുന്ന ഐടി സ്ഥാപനങ്ങൾ, ബാങ്കിംഗ് കറസ്പോണ്ടന്‍റ് സ്ഥാപനങ്ങൾ, എടിഎമ്മുകളിൽ പണം നിറയ്ക്കുന്ന ഏജൻസികൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
3. അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങൾക്ക് ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാം.
4. ടെലികമ്മ്യൂണിക്കേഷൻസ്, ഇന്‍റർനെറ്റ് സർവീസുകൾ, കേബിൾ സർവീസുകൾ, ഐടി സംബന്ധമായ അവശ്യസർവീസുകൾ എന്നിവയ്ക്ക് തുറക്കാം. പക്ഷേ പരമാവധി വീട്ടിലിരുന്ന് ജോലി ചെയ്യുന്നതാണ് അഭികാമ്യം.
4. ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ ഇ- കൊമേഴ്സ് വഴി എത്തിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും തുറക്കാം.
5. പെട്രോൾ പമ്പുകൾ, എൽപിജി, പെട്രോളിയം ഗ്യാസ് റീട്ടെയ്ൽ സ്റ്റോറേജ് വ്യാപാരസ്ഥാപനങ്ങൾക്കെല്ലാം തുറക്കാം.
6. പവർ ജനറേഷൻ സംബന്ധമായ എല്ലാ സ്ഥാപനങ്ങൾക്കും തുറക്കാം.
7. സെബി അംഗീകരിക്കുന്ന എല്ലാ കാപിറ്റർ, ഡെറ്റ് മാർക്കറ്റ് സർവീസുകൾക്കും തുറക്കാം (ഇത് പുതിയ നിർദേശമാണ്)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam