Latest Videos

രാജ്യതലസ്ഥാനത്തെ ആശുപത്രിയില്‍ കൊവിഡ് രോഗിയെ കാണാനില്ല; പരാതിയുമായി മകന്‍

By Web TeamFirst Published Jun 7, 2020, 1:31 PM IST
Highlights

എല്ലാ വാര്‍ഡുകളും പരിശോധിച്ചെന്നും എവിടെയും അച്ഛനെ കണ്ടെത്താനായില്ലെന്ന് നീരജ് പറഞ്ഞു. അദ്ദേഹത്തിന് ഫോണ്‍ ഇല്ലാത്തതിനാല്‍ ബന്ധപ്പെടാനും സാധിക്കുന്നുലെന്നും നീരജ് കൂട്ടിച്ചേര്‍ത്തു.

ദില്ലി: കൊവിഡ് 19 വൈറസ് ബാധ രാജ്യത്താകെ ആശങ്ക സൃഷ്ടിച്ച് പടരുന്നതിനിടെ ദില്ലിയില്‍ ഗുരുതര അനാസ്ഥയുടെ വിവരങ്ങള്‍ പുറത്ത്. രാജ്യതലസ്ഥാനത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൊവിഡ് രോഗിയെ കഴിഞ്ഞ ആറ് ദിവസമായി കാണുന്നില്ലെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ദില്ലി എല്‍എന്‍ജെപി ആശുപത്രിക്കെതിരെ പരാതിയുമായി രോഗിയുടെ മകനാണ് രംഗത്ത് വന്നിരിക്കുന്നത്.

പിതാവായ രാജ് നരേയ്ന്‍ മഹ്തോ (65) യെയാണ് കാണാനില്ലെന്ന പരാതിയുമായി മകന്‍ നീരജ് കുമാറാണ് പരാതി നല്‍കിയിരിക്കുന്നത്. ജനകാപുരിയിലെ മാതാ ചനാന്‍ ദേവി ആശുപത്രിയിലാണ് ആദ്യം രാജിനെ പ്രവേശിപ്പിച്ചത്. പിന്നീട് എല്‍എന്‍ജെപിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി പിതാവിന് ഭക്ഷണം അയക്കുന്നുണ്ടെങ്കിലും അത് തിരികെ എത്തുകയാണെന്നാണ് നീരജ് പറഞ്ഞു.

ഇതോടെ ആശുപത്രിയിലെത്തി അച്ഛന്‍റെ കാര്യം അന്വേഷിച്ചപ്പോള്‍ അമ്പരപ്പിക്കുന്ന പ്രതികരണങ്ങളാണ് അവരില്‍ നിന്നുണ്ടായത്. അധികൃതര്‍ പറഞ്ഞതനുസരിച്ച് ഐസിയു നാലില്‍ നോക്കിയെങ്കിലും അച്ഛനെ കണ്ടെത്താനായില്ല. എല്ലാ വാര്‍ഡുകളും പരിശോധിച്ചെന്നും എവിടെയും അച്ഛനെ കണ്ടെത്താനായില്ലെന്ന് നീരജ് പറഞ്ഞു.

അദ്ദേഹത്തിന് ഫോണ്‍ ഇല്ലാത്തതിനാല്‍ ബന്ധപ്പെടാനും സാധിക്കുന്നില്ലെന്നും നീരജ് കൂട്ടിച്ചേര്‍ത്തു. രാജ് നരേയ്ന്‍ മഹ്തോ എന്നൊരാള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. അന്വേഷണം നടക്കുകയാണെന്ന് പൊലീസും അറിയിച്ചു.

click me!