കൊവി‍ഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി: പങ്കെടുക്കുന്നത് 10 സംസ്ഥാനങ്ങൾ , കേരളമില്ല

By Web TeamFirst Published Aug 11, 2020, 11:03 AM IST
Highlights

ഇത് ഏഴാം തവണയാണ് കൊവിഡ് സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്. ജൂണിലായിരുന്നു അവസാന മീറ്റിംഗ്.

ദില്ലി: രാജ്യത്തെ കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച യോഗം അൽപ്പസമയത്തിനകം ചേരും. പത്തു സംസ്ഥാനങ്ങൾ യോഗത്തിൽ പങ്കെടുക്കും. ഇന്നത്തെ യോഗത്തിൽ കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. ആന്ധ്ര പ്രദേശ്, കർണ്ണാടക, തമിഴ് നാട്, വെസ്റ്റം ബെംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാർ, ഗുജറാത്ത്, തെലങ്കാന, ഉത്തർപ്രദേശ് എന്നീ കൊവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രിയുടെ ചർച്ച.

ഇത് ഏഴാം തവണയാണ് കൊവിഡ് സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്. ജൂണിലായിരുന്നു അവസാന മീറ്റിംഗ്.

നിലവിൽ മഹാരാഷ്ട്രയിൽ തന്നെയാണ് ഏറ്റവും കൂടുതൽ രോഗികളും എറ്റവും കൂടുതൽ കൊവിഡ് മരണങ്ങളും. തമിഴ്നാടും ആന്ധ്ര പ്രദേശുമാണ് മഹാരാഷ്ട്ര കഴിഞ്ഞാൽ കൊവിഡ് രൂക്ഷമായി ബാധിച്ചിരിക്കുന്ന സംസ്ഥാനങ്ങൾ. തമിഴ്നാട്ടിൽ ആകെ രോഗബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. പുതിയ രോഗികളില്‍ 80 ശതമാനവും പത്തു സംസ്ഥാനങ്ങളില്‍ നിന്നെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നത്. മഹാരാഷ്ട്രയിൽ 9,181, ആന്ധ്രയിൽ 7,665, കർണാടകത്തിൽ 4,267, തെലങ്കാനയിൽ 1256, തമിഴ്നാട്ടിൽ 5914 എന്നിങ്ങനെയാണ് പ്രതിദിന വർധന. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 53,601 പേർക്ക് കൂടിയാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 22,68,675 ആണ്. 871 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45,257 ആയി. 

click me!