കൊവിഡ് 19: രാജ്യം ജാഗ്രതയിൽ, പാര്‍ലമെന്‍റിലും സുപ്രീം കോടതിയിലും തെര്‍മല്‍ സ്ക്രീനിങ്

By Web TeamFirst Published Mar 16, 2020, 1:10 PM IST
Highlights

കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നത് ഒഴിവാക്കാൻ ജാഗ്രതയും നിയന്ത്രണങ്ങളും കര്‍ശനമാക്കാനാണ് തീരുമാനം.  രണ്ടു ലക്ഷം പരിശോധന കിറ്റുകള്‍ ജര്‍മ്മനിയില്‍ നിന്ന് വരും ദിവസങ്ങളിലെത്തിക്കും. പാര്‍ലിമെന്‍റിലും സുപ്രീം കോടതിയിലും തെര്‍മല്‍  സ്ക്രീനിങ് ഏര്‍പ്പെടുത്തി. 

ദില്ലി: രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ കരുതലും ജാഗ്രതയും ശക്തമാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ. കേന്ദ്ര ആരോഗ്യ, വിദേശകാര്യ, വ്യോമയാന മന്ത്രിമാരുള്‍പ്പെട്ട മന്ത്രിസഭാ ഉപസമിതി അവലോകന യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. കൂടുതല്‍ പേരിലേക്ക് രോഗം പടരുന്നതോടെ ജാഗ്രതയും നിയന്ത്രണങ്ങളും കര്‍ശനമാക്കാനാണ് തീരുമാനം.  രണ്ടു ലക്ഷം പരിശോധന കിറ്റുകള്‍ ജര്‍മ്മനിയില്‍ നിന്ന് വരും ദിവസങ്ങളിലെത്തിക്കും. പാര്‍ലമെന്‍റിലും സുപ്രീം കോടതിയിലും തെര്‍മല്‍  സ്ക്രീനിങ് ഏര്‍പ്പെടുത്തി. ജീവനക്കാരെയെല്ലാം പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

ഇറാനില്‍ നിന്ന് 53 പേരെക്കൂടി ഒഴിപ്പിച്ച് രാജസ്ഥാനിലെ സൈനിക കരുതല്‍ കേന്ദ്രത്തിലെത്തിച്ചിട്ടുണ്ട്. കൊവിഡ് ഭീതിക്കെതിരെ ഒന്നിച്ചു പ്രവര്‍ത്തിക്കാണ  വിദേശ കാര്യ മന്ത്രി എസ്. ജയശങ്കര്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപയോയുമായി ചര്‍ച്ച ചെയ്തു. 

Watch Photo Gallery :  കൊവിഡ് 19 : പാര്‍ലമെന്‍റിലും സുപ്രീംകോടതിയിലും തെര്‍മല്‍ സ്ക്രീനിങ് പരിശോധന; ചിത്രങ്ങള്‍ കാണാം

രാജ്യത്തേറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ മഹാരാഷ്ട്രയില്‍. ഒഡീഷയിലും ഉത്തരാഖണ്ഡിലും രോഗ ബാധ സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് റൂര്‍ക്കി ഐഐടിയില്‍ ഒരു വിദേശിയടക്കം ഒമ്പത് വിദ്യാര്‍ഥികളെ ഐസൊലേഷനിലാക്കി. ഡറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈമാസം 31  വരെ സന്ദര്‍ശകരെ  വിലക്കി.

ശ്രീനഗറിലെ പാര്‍ക്കുകളും ഉദ്യാനങ്ങളും അടച്ചു. ചത്തീസ് ഖഡ് നിയമസഭ 25 വരെ നിര്‍ത്തി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും യോഗം വിളിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. അതിനിടെയാണ് ഇറാനില്‍ കുടുങ്ങിയ  53 പേരെക്കൂടി നാട്ടിലെത്തിച്ചത്. ഇവരെ  രാജസ്ഥാന്‍ ജയ്സാല്‍മീരിലെ കരസേനയുടെ കരുതല്‍ കേന്ദ്രത്തില്‍ പതിനാല് ദിവസം നിരീക്ഷിക്കും.  ഇറാനില്‍ നിന്ന് 389 ഇന്ത്യക്കാരെയാണ് ഇതുവരെ നാട്ടിലെത്തിച്ചത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!