കൊവിഡ് വ്യാപനം; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി അമേരിക്ക

By Web TeamFirst Published May 1, 2021, 7:05 AM IST
Highlights

ചൊവ്വാഴ്ച പ്രാബല്യത്തിൽ വരുന്ന യാത്രാവിലക്ക് താല്ക്കാലിക വിസയിലുള്ള വിദേശപൗരന്മാർക്കാകും ബാധകമാകുകയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അമേരിക്കൻ പൗരന്മാർക്കും ​ഗ്രീൻ കാർഡ് ഉള്ളവർക്കും മനുഷ്യാവകാശ പ്രവർത്തകർക്കും യാത്രാവിലക്ക് ബാധകമാകില്ല. 

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്  അമേരിക്ക വിലക്കേർപ്പെടുത്തി. ചൊവ്വാഴ്ച പ്രാബല്യത്തിൽ വരുന്ന യാത്രാവിലക്ക് താല്ക്കാലിക വിസയിലുള്ള വിദേശപൗരന്മാർക്കാകും ബാധകമാകുകയെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. 

അമേരിക്കൻ പൗരന്മാർക്കും ​ഗ്രീൻ കാർഡ് ഉള്ളവർക്കും മനുഷ്യാവകാശ പ്രവർത്തകർക്കും യാത്രാവിലക്ക് ബാധകമാകില്ല. താല്ക്കാലിക വിസയിലുള്ള വിദേശ പൗരന്മാർ 14 ദിവസത്തിലധികം ഇന്ത്യയിൽ തങ്ങിയാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അമേരിക്കയിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. അടിയന്തര സാഹചര്യങ്ങളിൽ പ്രത്യേക ഇളവുകൾ അനുവദിച്ചേക്കും. എയർലൈനുകളെ പുതിയ തീരുമാനം അറിയിച്ചിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു. യാത്രാവിലക്ക് ബാധകമല്ലാത്തവർക്ക് അമേരിക്കയിൽ പ്രവേശിക്കണമെങ്കിൽ കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

ഇന്ത്യയിലെ സാഹചര്യത്തിൽ വലിയ ആശങ്കയുണ്ടെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. പൊതുജനാരോ​ഗ്യം കണക്കിലെടുത്താണ് യാത്രാവിലക്ക് പ്രഖ്യാപിച്ചത്. ഇന്ത്യ അമേരിക്കയുടെ നിർണായക സഖ്യകക്ഷിയാണ്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധി നേരിടാൻ അമേരിക്ക ഇന്ത്യക്ക് ഒപ്പമുണ്ടാകുമെന്നും കമല ഹാരിസ് വ്യക്തമാക്കി. 

അതേസമയം, ഇന്ത്യയിൽ നിന്നുള്ള നഴ്സിം​ഗ് റിക്രൂട്ട്മെന്റുകൾക്ക് ബ്രിട്ടൻ താല്ക്കാലിക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നൂറുകണക്കിന് മലയാളി നഴ്സുമാരുടെ യാത്ര ഇതോടെ അനിശ്ചിതത്വത്തിലായി. 

click me!