തമിഴ്നാട്: തീവ്രബാധിത ജില്ലകളിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ; മറ്റ് ജില്ലകളിൽ ഇളവുകൾ, പൊതു​ഗതാ​ഗതത്തിനും അനുമതി

By Web TeamFirst Published May 31, 2020, 10:13 AM IST
Highlights

ചെന്നൈയിൽ കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള ഇടങ്ങളിൽ വലിയ കടകൾ തുറക്കാൻ അനുമതി നൽകി. ഓറഞ്ച് സോണുകളിൽ ഉൾപ്പടെ പൊതു​ഗതാ​ഗതം ആരംഭിക്കാം. ​ഗ്രീൻ, ഓറഞ്ച് സോൺ അതിർത്തികൾ കടക്കാൻ ഇനി പാസ് വേണ്ട. 

ചെന്നൈ: കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ തീവ്രബാധിത ജില്ലകളിൽ ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി. മറ്റ് ജില്ലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിട്ടുമുണ്ട്.

ചെന്നൈ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളുവർ ജില്ലകളിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ചെന്നൈയിൽ കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള ഇടങ്ങളിൽ വലിയ കടകൾ തുറക്കാൻ അനുമതി നൽകി. ഓറഞ്ച് സോണുകളിൽ ഉൾപ്പടെ പൊതു​ഗതാ​ഗതം ആരംഭിക്കാം. ​ഗ്രീൻ, ഓറഞ്ച് സോൺ അതിർത്തികൾ കടക്കാൻ ഇനി പാസ് വേണ്ട. 

ജൂൺ എട്ട് മുതൽ ഹോട്ടലുകളിൽ ഭക്ഷണം വിളമ്പാൻ അനുമതി നൽകിയിട്ടുണ്ട്. ഓട്ടോറിക്ഷാ സർവ്വീസിനും പ്രവർത്തനാനുമതി ലഭിച്ചു. അന്തർസംസ്ഥാന ബസുകൾക്ക് നിലവിൽ അനുമതി ഇല്ല. ഇവയ്ക്ക് ഇ പാസുണ്ടെങ്കിൽ മാത്രമേ സർവ്വീസ് നടത്താനാകൂ. 

തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും ഒടുവിൽ ലഭിച്ച വവിരമനുസരിച്ച് 24 മണിക്കൂറിനിടെ 938 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ എണ്ണം 21,184 ആയി. 

ചെന്നൈയിൽ മാത്രം ഇന്നലെ 616 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചെന്നൈയിലെ രോ​ഗബാധിതരുടെ എണ്ണം 13,980 ആയി. കന്യാകുമാരി, തേനി, തെങ്കാശി അതിർത്തി ജില്ലകളിലും രോ​ഗബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. തമിഴ്നാട്ടിൽ ഇന്നലെ ആറ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 160 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
 

click me!