'14 മാസമായി എന്ത് ചെയ്യുകയായിരുന്നു'; കൊവിഡ് വ്യാപനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മദ്രാസ് ഹൈക്കോടതി

By Web TeamFirst Published Apr 29, 2021, 3:42 PM IST
Highlights

വിദഗ്ധരുടെ അഭിപ്രായം സര്‍ക്കാര്‍ ഗൗരവമായി കണ്ടില്ല. കഴിഞ്ഞ 12 മാസമായുള്ള ജാഗ്രതക്കുറവ് അത്ഭുതപ്പെടുത്തുന്നു. സർക്കാർ അനാസ്ഥയ്ക്ക് ജനങ്ങൾ വലിയ വില നൽകേണ്ടി വരുന്നുവെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു.

ചെന്നൈ: കൊവിഡ്  വ്യാപനത്തില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് മദ്രാസ് ഹൈക്കോടതി വിമർശിച്ചു. കൊവിഡ് വ്യാപനത്തിനെതിരെ കേന്ദ്രം മുന്‍കരുതല്‍ സ്വീകരിച്ചില്ല. കഴിഞ്ഞ 14 മാസമായി സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. 

കൊവിഡ് രണ്ടാം വ്യാപനത്തെക്കുറിച്ച് സര്‍ക്കാര്‍ ബോധ്യമില്ലായിരുന്നോ എന്ന് ചോദിച്ച കോടതി ആസൂത്രിതമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടിയിരുന്നുവെന്നും കുറ്റപ്പെടുത്തി. വിദഗ്ധരുടെ അഭിപ്രായം സര്‍ക്കാര്‍ ഗൗരവമായി കണ്ടില്ല. ഒന്നാം വ്യാപനം പാഠമായി കാണാൻ സർക്കാരിന് കഴിഞ്ഞില്ല. കഴിഞ്ഞ 12 മാസമായുള്ള ജാഗ്രതക്കുറവ് അത്ഭുതപ്പെടുത്തുന്നുവെന്നും മദ്രാസ് ഹൈക്കോടതി പറഞ്ഞു. സർക്കാർ അനാസ്ഥയ്ക്ക് ജനങ്ങൾ വലിയ വില നൽകേണ്ടി വരുന്നു. ഒന്നാം വ്യാപനത്തിന് ശേഷം കേന്ദ്രം എന്തുചെയ്യുകയായിരുന്നുവെന്നും മുൻകരുതൽ സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. 

കൊവിന്‍ സൈറ്റിലുണ്ടായ തകരാറുകളെ സംബന്ധിച്ച പരാതികള്‍ നാളെ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. കോവിഡ് ചികിത്സ, ആശുപത്രികളിലെ സാഹചര്യം, ഓക്സിജന്‍ ലഭ്യതക്കുറവ് എന്നിവ സംബന്ധിച്ച സുവോ മോട്ടോ കേസ് പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തിയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് വിമര്‍ശനം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

click me!