
ദില്ലി: ദില്ലിയിലെ എൽ എൻ ജി പി ആശുപത്രിക്ക് മുമ്പിൽ നഴ്‌സസ് യൂണിയന്റെ പ്രതിഷേധം. മെഡിക്കൽ സൂപ്രണ്ടുമായി നടന്ന ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് നടപടി. എൽഎൻജി ആശുപത്രിയിൽ കൊവിഡ് രോഗികളെ പരിചരിക്കുന്ന നഴ്‌സുമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാക്കിയിട്ടില്ലെന്ന് പരാതി ഉയർന്നിരുന്നു.
ആശുപത്രിക്ക് മുമ്പിൽ നഴ്‌സുമാർ തടിച്ചുകൂടിയിരിക്കുകയാണ്. കൊവിഡ് ഡ്യൂട്ടിയിലുള്ളവരും പ്രതിഷേധത്തിനെത്തി. നഴ്‌സസ് യൂണിയന്റെ പ്രതിനിധികളായ നാല് പേർ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കാണാനെത്തിയിട്ടുണ്ട്.
102 കൊവിഡ് രോഗികളും രോഗലക്ഷണമുള്ള 378 പേരും അടക്കം അഞ്ഞൂറിലധികം പേരാണ് ദില്ലിയിലെ എൽ എൻ ജി പി ആശുപത്രിയിൽ ചികിത്സയുള്ളത്. കൊവിഡ് ചികിത്സക്കായി പ്രത്യേക ആശുപത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഡോക്ടർമാരും നഴ്സുമാർക്കും പതിനാല് ദിവസത്തെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. ചികിത്സക്ക് എത്തുന്ന ഡോക്ടർമാർക്ക് സ്വകാര്യ ആഡംബര ഹോട്ടലിൽ താമസം ഒരുക്കിയപ്പോൾ നഴ്സുമാർ താമസിക്കുന്നത് ആശുപത്രിയിലെ ദന്തൽവിഭാഗം ലൈബ്രറിയിലാണ്.
ഹാളിൽ കട്ടിലുകൾ ഇട്ട് താൽക്കാലിക സൗകര്യം മാത്രമാണ് നഴ്സുമാർക്കായി ഒരുക്കിയിട്ടുള്ളത്. സാമൂഹിക അകലം പാലിക്കാൻ പോലും ഇടമില്ലാത്ത മുറികൾ, വൃത്തിയായ ശുചിമുറികളും ഇല്ല. 30 പേരാണ് ഒരു ഹാളിൽ കഴിയുന്നത്. നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയില്ലെന്ന് നഴ്സുമാർ പറയുന്നു. ദില്ലിയിൽ കൊവിഡ് ബാധിച്ച മലയാളി നഴ്സുമാർ അടക്കം ദുരിതത്തിലാണെന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
Read Also: ഒരു ഹാളിൽ 30 പേർ, വൃത്തിയില്ലാത്ത ശുചിമുറി, ദില്ലിയിൽ മലയാളി നഴ്സുമാർ ദുരിതത്തിൽ...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam