
ദില്ലി: രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്ന് ഇതേവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ മരണസംഖ്യയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 1761 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്നും രാജ്യത്ത് രണ്ടരലക്ഷത്തിലേറെ രോഗബാധിതരാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 2,59,170 പേർക്ക് പുതുതായി രോഗം കണ്ടെത്തി. ഇന്നലെ 2.7 ലക്ഷം രോഗബാധിതരാണ് പുതുതായി ഉണ്ടായതെങ്കിൽ ഇന്ന് രോഗബാധിതരുടെ എണ്ണത്തിൽ അൽപം കുറവുള്ളത് നേരിയ ആശ്വാസമായി.
രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 20 ലക്ഷം കടന്നു. 10 ദിവസം കൊണ്ടാണ് 10 ലക്ഷം രോഗബാധിതർ കൂടിയത്. 2031977 പേരാണ് നിലവിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 13108582 പേർ രോഗമുക്തരായി. കൊവിഡിന്‍റെ രണ്ടാംതരംഗം കാട്ടുതീപോലെയാണ് രാജ്യത്ത് പടരുന്നത്. പ്രധാനമന്ത്രി ഇന്ന് സ്ഥിതി വിലയിരുത്താൻ യോഗം വിളിച്ചിട്ടുണ്ട്. 15,19,486 പേരെയാണ് ഇന്നലെ മാത്രം പരിശോധിച്ചത്.
ആശങ്കയേറ്റി മരണനിരക്ക്
കൊവിഡിന്‍റെ രണ്ടാംതരംഗം വ്യാപിക്കുമ്പോൾ ഏറ്റവും വലിയ ആശങ്കയാകുന്നത് മരണനിരക്കാണ്. പ്രതിദിന മരണസംഖ്യ പിടിച്ചുകെട്ടാൻ രാജ്യത്തിനാകുന്നില്ല. വാക്സീനേഷൻ നടപടികൾ തുടങ്ങിയിട്ട് പോലും, രണ്ടാംതരംഗത്തിൽ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടുകയാണ് ചെയ്തത്. ഒരു ലക്ഷത്തി എൺപതിനായിരത്തിലധികം പേരാണ് ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചത്. 180530 ആയി രാജ്യത്തെ മരണസംഖ്യ.
രാജ്യത്ത് ഇത് വരെ വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം 12,71,29,113 ആയി.
എല്ലാവർക്കും വാക്സീൻ
18 വയസ് പൂർത്തിയായ രാജ്യത്തെ എല്ലാ പൗരൻമാർക്കും വാക്സിൻ നൽകാൻ ഇന്നലെ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. കൊവിഡ് വ്യാപനം അതിതീവ്രമായ നിലയിലേക്ക് ഉയർന്നതിന് പിന്നാലെയാണ് വാക്സിൻ വിതരണം വ്യാപകമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ മുതിർന്ന ഡോക്ടർമാരുമായി ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിർണായക പ്രഖ്യാപനം വന്നത്.
ആദ്യഘട്ടത്തിൽ കോവിഡ് മുൻനിര പോരാളികൾക്കാണ് വാക്സിൻ നൽകിയത്. പിന്നീട് 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും മൂന്നാം ഘട്ടത്തിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും വാക്സിൻ നൽകിയിരുന്നു. പ്രായപൂർത്തിയായ മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാൻ തീരുമാനിച്ചതോടെ ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ പ്രക്രിയകളിലൊന്നിലേക്കാണ് ഇന്ത്യ കടക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam