കാത്തിരിപ്പിന് വിരാമം; രാജ്യത്ത് വാക്സീൻ വിതരണം 16 മുതൽ, നാഴികക്കല്ലെന്ന് പ്രധാനമന്ത്രി

By Web TeamFirst Published Jan 9, 2021, 4:36 PM IST
Highlights

കൊവിഡ് മുൻനിര പോരാളികൾക്ക് ആദ്യഘട്ടത്തിൽ വാക്സീൻ നൽകും. മൂന്നു കോടി ആരോ​ഗ്യപ്രവർത്തകരെയാണ് ആദ്യഘട്ടത്തിൽ ഉൾ‍പ്പെടുത്തിയിരിക്കുന്നത്.  
 

ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സീൻ വിതരണം ജനുവരി 16 മുതൽ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 30 കോടി ആളുകൾക്കാണ് വാക്സിൻ നൽകുക. കൊവിഡ് മുൻനിര പോരാളികൾക്ക് ആദ്യഘട്ടത്തിൽ വാക്സിൻ നൽകും. മൂന്നു കോടി ആരോ​ഗ്യപ്രവർത്തകരെയാണ് ആദ്യഘട്ടത്തിൽ ഉൾ‍പ്പെടുത്തിയിരിക്കുന്നത്.  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന് ഉന്നതല യോഗത്തിന് ശേഷമാണ് തീരുമാനം. ഇന്ത്യയുടെ കൊവിഡ് പോരാട്ടത്തിലെ നാഴികക്കല്ലാണ് ഇതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ മൂന്ന് കോടി വരുന്ന കൊവിഡ് മുന്നണി പോരാളികൾക്കാണ് വാക്സിൻ നൽകുക. 

അടുത്ത ശനിയാഴ്ച്ച മുതൽ രാജ്യത്ത് കൊവിഡ് വാക്സീൻ വിതരണത്തിന്റെ ആദ്യ ഘട്ടം തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗം തയ്യാറെടുപ്പ് വിലയിരുത്തി. കേന്ദ്ര കാബിനറ്റ് സെക്രട്ടറി, ആരോഗ്യസെക്രട്ടറി തുടങ്ങിയ ഉന്നതഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ ഡ്രൈ റണിന്റെ വിലയിരുത്തൽ യോഗത്തിലുണ്ടായി.  തിങ്കളാഴ്ച്ച മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്.സംസ്ഥാനങ്ങൾക്കുള്ള വാക്സീൻ ഡോസുകളുടെ കാര്യത്തിൽ ഈ യോഗത്തിൽ തീരുമാനമുണ്ടാകും.

30 കോടി പേർക്ക് വാക്സീൻ ആദ്യഘട്ടം നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതിൽ ആദ്യം കുത്തിവെപ്പ് നൽകുന്നത് ഒരു കോടി വരുന്ന ആരോഗ്യപ്രവ‍ർത്തകർ‍ക്കാണ്, ഇതിന് ശേഷം കൊവിഡ് മുന്നണി പോരാളികളായ സുരക്ഷ ഉദ്യോഗസ്ഥർ ,ശൂചീകരണ തൊഴിലാളികൾ തുടങ്ങി രണ്ടു  കോടി പേർക്ക് നല്കും. ഇവർക്ക് വാക്സീൻ സൗജന്യമായി നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള 27 കോടി വരുന്നവരെ ആയുഷ്മാൻ പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യമായി വാക്സീൻ നൽകുന്ന കാര്യം സ‍ർക്കാരിൻറെ പരിഗണനയിലാണ്. അടിയന്തര അനുമതി രണ്ട് വാക്സീനുകൾക്ക് ആണെങ്കിലും ആദ്യം നൽകി തുടങ്ങുക സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവീഷീൽഡാകും . സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാക്സീൻ ഡോസുകൾ രാജ്യത്തെ നാല് മിനി സംഭരണശാലകളിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സർക്കാരിൽ നിന്ന് ഉത്തരവ് കിട്ടിയാലുടൻ വാക്സീൻ എത്തിച്ച് തുടങ്ങുമെന്ന് സീറം അറിയിച്ചു. 

click me!