Latest Videos

രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം കാൽലക്ഷത്തിലേക്ക്; മഹാരാഷ്ട്രയിലും ഗുജറാത്തിലും വൈറസ് വ്യാപനം അതിവേഗം

By Web TeamFirst Published Apr 25, 2020, 12:08 AM IST
Highlights

ഇന്ന് 1752 പേർക്കുകൂടി പുതുതായി രോഗം ബാധിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 724 ആയിട്ടുണ്ട്. 4813 പേർക്ക് ഇതുവരെ രോഗം ഭേദമായി. 

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാൽലക്ഷത്തിലേക്ക് നീങ്ങുന്നു. വെള്ളിയാഴ്ച രാത്രി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്ക് അനുസരിച്ച് 23452 പേർക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 

ഇന്ന് 1752 പേർക്കുകൂടി പുതുതായി രോഗം ബാധിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 724 ആയിട്ടുണ്ട്. 4813 പേർക്ക് ഇതുവരെ രോഗം ഭേദമായി. 9 ലക്ഷം പേർ നിരീക്ഷണത്തിലാണ്. ലോക്ക് ഡൗൺ നടപ്പാക്കിയിരുന്നില്ലെങ്കിൽ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുമായിരുന്നുവെന്ന് കേന്ദ്രസ‍ർക്കാ‍ർ ചൂണ്ടിക്കാട്ടുന്നു. 

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള മഹാരാഷ്ട്രയിൽ ആകെ കൊവിഡ് മരണങ്ങൾ 300 കടന്നു. വെള്ളിയാഴ്ച രാത്രി വരെയുള്ള 24 മണിക്കൂറിൽ 394 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോ‍ർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 18 പേർ മരണപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 301 ആയി. 

മഹാരാഷ്ട്രയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6817 ആണ്. രാജ്യത്തെ കൊവിഡ് രോ​ഗികളിൽ നാലിലൊന്നും മഹാരാഷ്ട്രയിലാണ് എന്നതാണ് അവസ്ഥ. മുംബൈയിൽ മാത്രം 4447 കൊവിഡ് കേസുകളാണ് റിപ്പോ‍ർട്ട് ചെയ്തത്. പുതുതായി 242 കേസുകൾ റിപ്പോ‍ർട്ട് ചെയ്ത മുംബൈയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം മരണപ്പെട്ടത് 11 പേരാണ്. ഇതോടെ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തുണ്ടായ കൊവിഡ് മരണങ്ങൾ 178 ആയി. 

ഈ ഒരാഴ്ചയിൽ കൊവിഡ് ക്രമാതീതമായി വ്യാപിച്ച ​ഗുജറാത്തിലും സ്ഥിതി​ഗതികൾ മോശമായി തുടരുകയാണ്. വെള്ളിയാഴ്ച രാത്രി വരെയുള്ള 24 മണിക്കൂറിൽ 191 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോ‍ർട്ട് ചെയ്തത്. 15 കൊവിഡ് രോ​ഗികൾ മരണപ്പെട്ടു. ചികിത്സയിലുണ്ടായിരുന്ന ഏഴ് പേ‍ർ രോ​ഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോ​ഗികളുടെ എണ്ണം 2815 ആയി. 265 പേ‍രാണ് രോ​ഗമുക്തി നേടിയത്. 127 രോ​ഗികൾ മരണപ്പെട്ടു. ചികിത്സയിലുള്ളവരിൽ 29 പേർ വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്ന് ​ഗുജറാത്ത് സർക്കാർ വ്യക്തമാക്കി. 

ദില്ലിയിൽ കൊവിഡ് കേസുകൾ 2500 കടന്നു. വെള്ളിയാഴ്ച വൈകുന്നേരം വരെ 2514 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 138 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. 3 കൊവിഡ് രോ​ഗികളും ഇന്ന് മരണപ്പെട്ടു. ഇതോടെ ദില്ലിയിലെ കൊവിഡ് മരണങ്ങൾ 53 ആയി. ദില്ലിയിൽ ഇതുവരെ പരിശോധന നടത്തിയ 160 മാധ്യമ പ്രവർത്തകരുടേയും ഫലം നെ​ഗറ്റീവായത് അൽപം ആശ്വസമായി. 

തമിഴ്നാട്ടിൽ 72 പേർക്ക് കൂടി വെള്ളിയാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1755 ആയി. കോയമ്പത്തൂരും തെങ്കാശിയിലും രോഗബാധിതരുടെ എണ്ണം കൂടിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ചെന്നൈയിൽ മാത്രം 52 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 
 

click me!