
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 42,836 ആയി ഉയര്‍ന്നു. 24 മണിക്കൂറിനുള്ളില്‍ 2573 പേര്‍ രോഗബാധിതരായി. 83 പേര്‍ മരിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ആകെ മരണം 1,389 ആയി ഉയര്‍ന്നു. അതേ സമയം ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 11762 ആയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ രോഗികൾ 14,000 കടന്നു. ഇന്ന് 711 പുതിയ രോഗികളാണുള്ളത്. ആകെ 14,541 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 35 പേര്‍ മരിച്ചു. ആകെ 583 പേരാണ് സംസ്ഥാനത്ത് മരിച്ചത്. മുംബൈ ജെ ജെ മാർഗ് പൊലീസ് സ്റ്റേഷനിൽ 6 സബ് ഇൻസ്പെക്ടർമാർ അടക്കം 12 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ദില്ലിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 349 കൊവിഡ് കേസുകളാണുണ്ടായത്. ഇതോടെ ദില്ലിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 4898. ഇന്ന് 69 പേർ രോഗമുക്തി നേടി.ദില്ലിയിൽ ആകെ രോഗമുക്തി നേടിയവർ 1431 ആയി. തമിഴ്നാട്ടില്‍ രോഗബാധിതര്‍ ഇരട്ടിക്കുകയാണ്. ഇന്ന് മാത്രം 577 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഉള്‍പ്പടെ ഇരുപത്തിരണ്ട് പൊലീസുകാര്‍ രോഗബാധിതരായി.കോയമ്പേട് മാര്‍ക്കറ്റ് സന്ദര്‍ശിച്ച പതിനായിരത്തിലധികം പേരെ നിരീക്ഷണത്തിലാക്കി. ചെന്നൈയിൽ ചില്ലറ വിൽപ്പന നടത്തുന്ന കച്ചവടക്കാരിലും കൊവിഡ് സ്ഥിരീകരിച്ചു.
അതേ സമയം കൊവിഡ് വാക്സിന്‍ വൈകാതെ വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യാശ പ്രകടിപ്പിച്ചു. ചേരിചേരാ ഉച്ചകോടിയില്‍ കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുകയായിരുന്നു നരേന്ദ്രമോദി. കൊവിഡിനെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കൊവിഡ് സമൂഹവ്യാപനത്തില്‍ നിന്ന് ഇന്ത്യ രക്ഷ നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രി പ്രതികരിച്ചു. ഏറ്റവും ഉയര്‍ന്ന രോഗമുക്തി നിരക്ക് ഇരുപത്തിനാല് മണിക്കൂറിനിടെ രേഖപ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് പ്രതിരോധത്തില്‍ പശ്ചിമബംഗാള്‍ വീഴ്ച വരുത്തിയെന്ന് രോഗബാധയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച കേന്ദ്രസംഘം വിലയിരുത്തി. ഇരുപത്തി നാല് മണിക്കൂറിനിടെ 1074 പേര്‍ക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് 27.5 ശതമാനമാണ്. കഴിഞ്ഞയാഴ്ച 21.9 ശതമാനമായിരുന്നു. നൂറ് സാമ്പിളുകളില്‍ മൂന്നെണ്ണം മാത്രം പോസിറ്റീവെന്ന നിലക്കാണ് പരിശോധന ഫലം. നൂറ് രോഗബാധിതരില്‍ ഒരാള്‍ക്ക് മാത്രമേ വെന്‍റിലേറ്റര്‍ വേണ്ടി വരുന്നുള്ളൂ. മൂന്ന് ശതമാനത്തിനേ ഐസിയു സേവനം ആവശ്യമാകുന്നുള്ളൂ. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam