
ഗുവാഹത്തി: ലോകത്താകമാനം പടർന്നുപിടിച്ചുക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ചാണകവും ഗോമൂത്രവും സഹായകമാവുമെന്ന അവകാശവാദവുമായി ബിജെപി എംഎൽഎ. അസം നിയമസഭാംഗമായ സുമന്‍ ഹരിപ്രിയയാണ് വിചിത്രമായ വാദവുമായി രംഗത്തെത്തിയത്. അർബുദം പോലുള്ള മാരക രോഗങ്ങൾ ഭേദമാക്കാനും ഗോമൂത്രത്തിനും ചാണകത്തിനും കഴിയുമെന്നും സുമൻ നിയമസഭയില്‍ പറഞ്ഞു.
ചാണകം വളരെ ഉപകാരപ്രദമാണെന്ന് നമുക്കറിയാം. അതുപോലെ ഗോമൂത്രം തളിക്കുന്നയിടങ്ങള്‍ ശുദ്ധീകരിക്കപ്പെടുമെന്നും. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഗോമൂത്രവും ചാണകവും ഉപയോഗിച്ച് സമാനമായ എന്തെങ്കിലും ചെയ്യാനാകുമെന്ന് താൻ വിശ്വസിക്കുന്നതായും സുമൻ കൂട്ടിച്ചേർത്തു.
സംസ്ഥാനബജറ്റ് സമ്മേളനത്തില്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്കുള്ള പശുക്കടത്തിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് സുമന്‍ ഹരിപ്രിയ ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും രോഗപ്രതിരോധശേഷിയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. ഇന്ത്യയില്‍ നിന്ന്, പ്രധാനമായും അസമിൽനിന്ന് കടത്തുന്ന പശുക്കളാണ് ബംഗ്ലാദേശിന്റെ സാമ്പത്തികവികസനത്തിന്റെ അടിസ്ഥാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗോമാംസം കയറ്റുമതി ചെയ്യുന്ന ലോകത്തിലെ വലിയ രണ്ടാമത്തെ രാജ്യമാണ് ബംഗ്ലാദേശ്. അവര്‍ കയറ്റുമതി ചെയ്യുന്നത് മുഴുവന്‍ ഇന്ത്യയില്‍ നിന്നുള്ള പശുക്കളെയാണ്. നദികളിലൂടെയാണ് പ്രധാനമായും ഇന്ത്യയില്‍ നിന്നുള്ള പശുക്കടത്തല്‍ നടക്കുന്നത്. പശുക്കളുടെ കള്ളക്കടത്ത് തടയാൻ മുൻ കോൺഗ്രസ് സർക്കാർ ഒന്നും ചെയ്തിട്ടില്ല. എന്നാൽ അസമിലെ നിലവിലെ ബിജെപി സര്‍ക്കാര്‍ പശുക്കടത്തലിനെതിരെ കര്‍ശനനടപടി സ്വീകരിച്ചിട്ടുണ്ടെന്നും സുമൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam