
ദില്ലി: സിപിഐയുടെ സംഭാവനകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമായിരുന്നുവെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. സിപിഐക്ക് ദേശീയ പാർട്ടി അംഗീകാരം നഷ്ടപ്പെട്ട വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു ഡി രാജ. സിപിഐയുടെ സംഭാവനകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കണമായിരുന്നു. ചരിത്രം പരിഗണിക്കാതെ ഉള്ള തീരുമാനമായിപ്പോയി. വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടി കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കും. ചില നിയമങ്ങൾ അടിസ്ഥാനപ്പെടുത്തിയുള്ള തീരുമാനമാണ് ഇതെന്നും ഡി രാജ പറഞ്ഞു.
സിപിഐക്ക് ദേശീയ പാർട്ടി അംഗീകാരം നഷ്ടപ്പെട്ടത് സാങ്കേതികം മാത്രമാണെന്ന് ബിനോയ് വിശ്വം എംപി പറഞ്ഞു. ജനങ്ങൾ സിപിഐക്ക് ഒപ്പമുണ്ട്. സിപിഐ ജനങ്ങളുടെ പാർട്ടിയാണ്. ദേശീയ പാർട്ടി പദവി നഷ്ടപ്പെട്ടത് സിപിഐക്ക് വലിയ ആഘാതം എന്നത് തെറ്റിദ്ധാരണയാണ്. കുറവുകളോ കുറ്റങ്ങളോ ഉണ്ടെങ്കിൽ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.