കനയ്യ പാർട്ടി വിടില്ലെന്ന പ്രതീക്ഷയിൽ സിപിഐ, തൽകാലം നടപടി ആലോചിക്കുന്നില്ലെന്ന് നേതൃത്വം

By Web TeamFirst Published Sep 27, 2021, 9:24 AM IST
Highlights

കനയ്യ കുമാറിനെതിരെ നടപടി ആലോചിക്കുന്നില്ലെന്ന് സിപിഐ വൃത്തങ്ങൾ പറയുന്നു. എന്തു സംഭവിക്കുന്നു എന്നറിയാൻ ഒരു ദിവസം കാത്തിരിക്കുമെന്നും നേതാക്കൾ അറിയച്ചു. കനയ്യ ഇതു വരെ പാർട്ടി വിടുമെന്ന് അറിയിച്ചിട്ടില്ലെന്നും സിപിഐ നേതൃത്വം പറയുന്നു.

ദില്ലി: സിപിഐ വിട്ട് കനയ്യ കുമാർ കോൺ​ഗ്രസിലേക്ക് പോകുമെന്ന വാർത്തകൾ ശക്തമാകുന്നതിനിടയിലും പ്രതീക്ഷ കൈവിടാതെ സിപിഐ ദേശീയ നേതൃത്വം. കനയ്യ കുമാറിനെതിരെ നടപടി ആലോചിക്കുന്നില്ലെന്ന് സിപിഐ വൃത്തങ്ങൾ പറയുന്നു. എന്തു സംഭവിക്കുന്നു എന്നറിയാൻ ഒരു ദിവസം കാത്തിരിക്കുമെന്നും നേതാക്കൾ അറിയച്ചു. കനയ്യ ഇതു വരെ പാർട്ടി വിടുമെന്ന് അറിയിച്ചിട്ടില്ലെന്നും സിപിഐ നേതൃത്വം പറയുന്നു.

അതേസമയം കോൺ​ഗ്രസ് പ്രവേശം സ്ഥിരീകരിച്ച ​ഗുജറാത്ത് എംഎൽഎ ജി​ഗ്നേഷ് മേവാനി, തനിക്കൊപ്പം കനയ്യ കുമാറും കോൺഗ്രസിലേക്ക് ചേരുമെന്നും പരസ്യ പ്രതികരണം നടത്തിയിരുന്നു . നാളെയാകും ഇരുവരും കോൺഗ്രസിൽ ചേരുക. രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ദില്ലിയിലായിരിക്കും പാർട്ടി പ്രവേശം. ഭഗത് സിംഗ് ദിനത്തില്‍ ഇരുവരും പാര്‍ട്ടിയിലെത്തുമെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. എന്നാൽ കനയ്യ റിപ്പോർട്ടുകള്‍ തള്ളുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.

രാഹുല്‍ഗാന്ധിക്ക് പുറമെ  പ്രിയങ്കാ ഗാന്ധി, പ്രശാന്ത് കിഷോര്‍ എന്നിവരുമായും യുവനേതാക്കള്‍ സംസാരിച്ചെന്നാണ് നേരത്തെ വിവരം പുറത്തുവന്നത്. കനയ്യ കുമാറിന് ബിഹാറില്‍ നിര്‍ണ്ണായക പദവി നല്‍കുമ്പോള്‍ ജിഗ്നേഷ് മേവാനിക്ക് ഗുജറാത്ത് വര്‍ക്കിംഗ് പ്രസിഡന്‍റ് സ്ഥാനം വാഗാദാനം ചെയ്തതെന്നാണ് സൂചന. കനയ്യ കുമാറിനെ ഒപ്പം നിര്‍ത്താന്‍  സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ തന്നെ രംഗത്തിറങ്ങിയെങ്കിലും അനുനയ നീക്കം ഫലം കണ്ടില്ല. സിപിഐ ബിഹാര്‍ ഘടകത്തോടൊപ്പം തുടരനാവില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കനയ്യ. 

കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ വാദ്ഗാം സീറ്റില്‍ മത്സരിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ജിഗ്നേഷ് മേവാനിക്ക് കോൺ​ഗ്രസ് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു. വരാനിരിക്കുന്ന  ഗുജറാത്ത് തെരഞ്ഞെടുപ്പിലും മേവാനിയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നു.  ഇരുവരും കോണ്‍ഗ്രസിലെത്തുമ്പോള്‍ വലിയൊരു അനുയായി വൃന്ദവും ഒപ്പം ചേരും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി കൂടുതല്‍ യുവ നേതാക്കളെ പാളയത്തിലെത്തിക്കാനാണ് രാഹുല്‍ ഗാന്ധിയുടെ നീക്കം. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന നേതാക്കളുടെ ക്ഷാമമുള്ളപ്പോള്‍ ഇരുവരുടെയും കടന്ന് വരവ് ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടല്‍

ഇതിനിടെ കനയ്യകുമാറിൻ്റെ കോൺഗ്രസ് പ്രവേശത്തിൽ എതിർപ്പില്ലെന്ന് ആർജെഡി വ്യക്തമാക്കി. ഇത് കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യമാണ്. 
കനയ്യയുടേത് വ്യക്തിപരമായ തീരുമാനവും. ഇക്കാര്യത്തിൽ മറ്റ് ചർച്ചകളുടെ ആവശ്യമില്ലെന്ന് ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!