സിപിഎം കേന്ദ്രക്കമ്മിറ്റിയം​ഗങ്ങളുടെ പ്രായപരിധി കുറച്ചു; പിണറായി വിജയന് ഇളവ് നൽകണോയെന്ന് തീരുമാനിക്കും

By Web TeamFirst Published Aug 9, 2021, 4:04 PM IST
Highlights

കെകെ ഷൈലജയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിറുത്തിയതിനെ ന്യായീകരിച്ചാണ് സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചത്. മാറ്റങ്ങൾക്കുള്ള നയം ജനം അംഗീകരിച്ചു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കെകെ ശൈലജയെ ഒഴിവാക്കിയതിൽ കേന്ദ്രക്കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു. കേരളത്തിനു പുറത്തുള്ളവരാണ് വിമർശനം ഉന്നയിച്ചത്.

ദില്ലി: പശ്ചിമബം​ഗാളിൽ പാർട്ടി നേരിട്ടത്  വൻ തകർച്ചയെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ. തിരുത്തലിന് ഉറച്ച നടപടിക്ക് രൂപം നല്കി. കേരളത്തിലെ ജനങ്ങൾ സംസ്ഥാനസർക്കാരിന്റെ പ്രവർത്തന മികവ് അംഗീകരിച്ചു എന്നും സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തിയതായി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 

പശ്ചിമബം​ഗാളിൽ വലിയ തകർച്ചയുണ്ടായെന്ന് സമ്മതിക്കുമ്പോഴും കോൺഗ്രസ് സഖ്യത്തെക്കുറിച്ച് സിപിഎം മൗനം പാലിച്ചിരിക്കുകയാണ്. അതേക്കുറിച്ചൊന്നും തന്നെ കേന്ദ്രക്കമ്മിറ്റിയ്ക്ക് ശേഷമുള്ള പ്രസ്താവനയിൽ പാർട്ടി പറഞ്ഞിട്ടില്ല. കേരളത്തിൽ ഇടതു സർക്കാരിന് ലഭിച്ച ജമസമ്മതി പ്രളയവും മഹാമാരിയും കൈകാര്യം ചെയ്ത രീതിക്കുള്ള അംഗീകാരമാണെന്നാണ് കേന്ദ്രക്കമ്മിറ്റിയുടെ വിലയിരുത്തൽ. കേരളത്തിൻറെ മതേതര ജനാധിപത്യ മൂല്യം സംരക്ഷിച്ചതിനുള്ള അംഗീകാരമാണിതെന്നും വിലയിരുത്തലുണ്ട്. 

കേരളത്തിൽ ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതിന് രൂപരേഖ ഉണ്ടാക്കും. സ്കൂളുകൾ എത്രയും വേഗം തുറക്കാൻ നടപടി വേണമെന്ന് സിപിഎം. ഇതിനായി കുട്ടികളുടെയും സ്കൂൾ ജീവനക്കാരുടെയും വാക്സിനേഷന് മുൻഗണന നല്കണമെന്നും സിപിഎം അഭിപ്രായപ്പെട്ടു. വരുമാനനികുതി നല്കാത്ത എല്ലാവർക്കും 7500 പ്രതിമാസ ധനസഹായം നല്കണമെന്നും കേന്ദ്രക്കമ്മിറ്റി ആവശ്യപ്പെട്ടു. 

കെകെ ഷൈലജയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിറുത്തിയതിനെ ന്യായീകരിച്ചാണ് സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പ്രതികരിച്ചത്. മാറ്റങ്ങൾക്കുള്ള നയം ജനം അംഗീകരിച്ചു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. കെകെ ശൈലജയെ ഒഴിവാക്കിയതിൽ കേന്ദ്രക്കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു. കേരളത്തിനു പുറത്തുള്ളവരാണ് വിമർശനം ഉന്നയിച്ചത്. കേന്ദ്രകമ്മിറ്റി അംഗങ്ങൾക്ക് പുതിയ പ്രായ പരിധി നിശ്ചയിച്ചതായും യെച്ചൂരി അറിയിച്ചു. 80 വയസ്സായിരുന്നു ഇതുവരെയുള്ള പരമാവധി പ്രായപരിധി. ഇത് 75 ആക്കിയിരിക്കുകയാണ്. പിണറായി വിജയന് ഇളവ് നൽകണോ എന്ന് ആലോചിക്കും. 

ടോക്യോവിൽ മികച്ച പ്രകടനം നടത്തിയവരെ സിപിഎം അഭിനന്ദിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കായിക വികസനത്തിന് സമഗ്രനയം രൂപീകരിക്കണം എന്നും കേന്ദ്രക്കമ്മിറ്റി വിലയിരുത്തിയതായി സീതാറാം യെച്ചൂരി അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!