സീറ്റില്ലാത്ത യാത്രക്കാരൻ വിമാനത്തിൽ നിൽക്കുന്നത് കണ്ടത് ടേക്ക് ഓഫിന് തൊട്ടുമുമ്പ്; ഇന്റിഗോ സർവീസ് വൈകി

Published : May 22, 2024, 12:24 PM IST
സീറ്റില്ലാത്ത യാത്രക്കാരൻ വിമാനത്തിൽ നിൽക്കുന്നത് കണ്ടത് ടേക്ക് ഓഫിന് തൊട്ടുമുമ്പ്; ഇന്റിഗോ സർവീസ് വൈകി

Synopsis

മുംബൈയിൽ നിന്ന് വരാണസിയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ഇൻഡിഗോ എയർലൈൻസിന്റെ 6E 6543 വിമാനത്തിലാണ് ചൊവ്വാഴ്ച ഒരു യാത്രക്കാരനെ അധികം കയറ്റിയത്.

മുംബൈ: സീറ്റില്ലാതെ യാത്രക്കാരൻ വിമാനത്തിൽ നിൽക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യാത്ര വൈകി. ടേക്ക് ഓഫിന് തയ്യാറായ വിമാനം തിരികെ എയറോ ബ്രിഡ്ജിലേക്ക് കൊണ്ടുവന്ന് യാത്രക്കാരനെ ഇറക്കുകയായിരുന്നു. സംഭവം സ്ഥിരീകരിച്ച ഇൻഡിഗോ വിമാനക്കമ്പനി യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ചു.

മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. മുംബൈയിൽ നിന്ന് വരാണസിയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ഇൻഡിഗോ എയർലൈൻസിന്റെ 6E 6543 വിമാനത്തിലായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെ 7.50ന് വിമാനം പുറപ്പെടാൻ തയ്യാറായി. എന്നാൽ ടേക്ക് ഓഫിന് അൽപം മുമ്പാണ് ഒരു പുരുഷ യാത്രക്കാരൻ വിമാനത്തിന്റെ പിൻ വശത്ത് നിൽക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. 

കാര്യം തിരക്കിയപ്പോഴാണ് സീറ്റില്ലാത്ത യാത്രക്കാരൻ നിൽക്കുകയാണെന്ന് ജീവനക്കാർക്ക് മനസിലാക്കിയത്. യാത്രക്കാരെ വിമാനത്തിൽ കയറ്റുന്ന നടപടികളിൽ ചില പിശകുകൾ സംഭവിച്ചുവെന്നാണ് സംഭവത്തിൽ ഇൻഡിഗോ എയലൈൻസിന്റെ വിശദീകരണം. കൺഫേം ടിക്കറ്റുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ സീറ്റ് ടിക്കറ്റ് മറ്റൊരാൾക്ക് കൂടി അബദ്ധത്തിൽ അനുവദിക്കുകയായിരുന്നു എന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

വിമാനം പുറപ്പെടുന്നതിന് മുമ്പ് തന്നെ അബദ്ധം ശ്രദ്ധയിൽപ്പെടുകയും അധികമായി വിമാനത്തിൽ കയറ്റിയ യാത്രക്കാരനെ തിരിച്ച് ഇറക്കുകയും ചെയ്തുവെന്നും കമ്പനി വിശദീകരിച്ചു. ഇതുമൂലം വിമാനം അൽപനേരം വൈകി. യാത്രക്കാർക്ക് നേരിട്ട ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും യാത്രാ നടപടികളിൽ കൂടുതൽ ശ്രദ്ധചെലുത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി