
ചെന്നൈ : തമിഴ്നാട്ടിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾ. അണ്ണാ ഡിഎംകെയിലേക്ക് വിജയ് അടുക്കുന്നതായി സൂചന. വിജയിയെ ഫോണിൽ വിളിച്ച് എടപ്പാടി പളനിസ്വാമി തിങ്കളാഴ്ച വൈകീട്ട് അര മണിക്കൂർ സംസാരിച്ചു. ഡിഎംകെയെയും എംകെ സ്റ്റാലിനെയും തോൽപിക്കാൻ ഒന്നിക്കണമെന്ന് വിജയിയോട് ഇ പി എസ് അഭ്യർത്ഥിച്ചതായാണ് വിവരം. ഇപിഎസ്സിന്റെ ക്ഷണം വിജയ് തള്ളിയിട്ടില്ലെന്നാണ് സൂചന. പൊങ്കലിന് ശേഷം ഇക്കാര്യത്തിൽ മറുപടി പറയാമെന്നാണ് വിജയ് ഇപിഎസിന് ഇപ്പോൾ നൽകിയ മറുപടി. ഇപ്പോൾ കരൂരിലെ ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങളെ കാണുന്നതിലും സംസ്ഥാന പര്യടനം പുന:രാരംഭിക്കുന്നതിലുമാണ് ശ്രദ്ധയെന്നാണ് വിജയ് വിശദീകരിച്ചത്. വൈകാതെ ഇപിഎസ്സിനെ ഒറ്റയ്ക്ക് കാണുമെന്ന് വിജയ് ഉറപ്പ് നൽകിയിട്ടുണ്ട്. തിടുക്കം ഇല്ലെന്നും സമയം എടുത്തോളൂ എന്നും ഇപിഎസ് പ്രതികരിച്ചു.
അതേ സമയം, കരൂരിലേക്ക് പോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഡിജിപിക്ക് വിജയ് ഇ-മെയിൽ അയച്ചു. ദുരന്തബാധിതരുടെ കുടുംബത്തെ തനിക്ക് കാണണമെന്നും അവർക്ക് സഹായം നൽകാൻ കഴിയണമെന്നും അതിനാൽ കരൂരിലേക്ക് പോകാൻ അനുവദിക്കണമെന്നുമാണ് വിജയ് ആവശ്യപ്പെട്ടത്.
കരൂരിലെ തിക്കിലും തിരക്കിലും പെട്ട് ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങളുമായി വാട്‌സാപ്പ് വീഡിയോ കോള്‍ വഴി വിജയ് സംസാരിച്ചു കുടുംബത്തെ അനുശോചനം അറിയിക്കുകയും പിന്തുണ ഉറപ്പുനല്‍കുകയും ചെയ്തു.
സെപ്റ്റംബര്‍ 27-ന് വിജയ് നയിച്ച ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. അപകടത്തില്‍ 41 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം നിരസിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെ ചോദ്യംചെയ്യുന്ന ഹര്‍ജി ഒക്ടോബര്‍ 10-ന് സുപ്രീംകോടതി പരിഗണിക്കും. ബിജെപി നേതാവ് ഉമ ആനന്ദന്‍ നല്‍കിയ ഹര്‍ജി, ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam