ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായേക്കും; 'ഗതി' ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി

By Web TeamFirst Published Nov 22, 2020, 5:10 PM IST
Highlights

അറബികടലിൽ രൂപം കൊണ്ട ഗതി ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി. നാളെ രാവിലെയോടെ അതി തീവ്ര ചുഴലിക്കാറ്റായി സോമാലിയ തീരത്ത് പ്രവേശിക്കാനാണ് സാധ്യത. 

ദില്ലി:  ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്നാട് പുതുച്ചേരി തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകി. ഇപ്പോൾ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലുള്ള ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായും, ചൊവ്വാഴ്ചയോട നിവാർ ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്നാണ് അറിയിപ്പ്. അതേസമയം, അറബികടലിൽ രൂപം കൊണ്ട ഗതി ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി. നാളെ രാവിലെയോടെ അതി തീവ്ര ചുഴലിക്കാറ്റായി സോമാലിയ തീരത്ത് പ്രവേശിക്കാനാണ് സാധ്യത. മണിക്കൂറിൽ 145 കിലോമീറ്ററാണ് ഇതിന്റെ വേഗത.

നവംബർ 19 നാണ് തെക്കൻ അറബികടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടത്. സോമാലിയ ഭാഗത്തേക്ക്‌ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ഇന്ന് ഉച്ചയോടെയാണ് ചുഴലിക്കാറ്റായി മാറായത്. ഇന്ത്യയാണ് ചുഴലിക്കാറ്റിന്  'ഗതി 'എന്ന പേര് നിർദ്ദേശിച്ചത്. നാളെ രാവിലെയോടെ 'ഗതി' സോമാലിയൻ തീരത്ത് പ്രവേശിക്കാനാണ് സാധ്യത. അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. ബുധനാഴ്ച രാവിലെ തമിഴ്നാട് -പുതുച്ചേരി തീരത്ത് കര തൊടാൻ സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.  ഇറാൻ നിർദ്ദേശിച്ച 'നിവാർ' എന്ന പേരിലാവും ചുഴലിക്കാണ് അറിയപ്പെടുക. തമിഴ്നാട്, ആന്ധ്രാ സംസ്ഥാനങ്ങൾക്കാണ് ഇതി ഭീഷണിയാകുന്നത്. കേരളത്തിൽ ഇതുവരെയുള്ള നിഗമന പ്രകാരം സാധാരണ മഴക്ക് മാത്രമാണ് സാധ്യത.

click me!