
അച്ഛനെ കൊലപ്പെടുത്തിയത് അമ്മയെന്ന് മകള്‍ കണ്ടെത്തിയത് അമ്മയുടെ ഫോണിലൂടെ. മൂന്ന് മാസം മുന്‍പ് നടന്ന മരണം കൊലപാതകമാണെന്ന സംശയം പോലും ആര്‍ക്കുമുണ്ടായിരുന്നില്ല. മഹാരാഷ്ട്രയിലെ ചന്ദ്രൂപൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ഹൃദയാഘാതം മൂലം മരണപ്പെട്ടുവെന്ന് കരുതപ്പെട്ടിരുന്ന വ്യക്തിയാണ് കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായത്. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെ ഓഗസ്റ്റ് ആറിനാണ് സ്വവസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉറക്കത്തില്‍ മരിച്ചുവെന്നായിരുന്നു ബന്ധുക്കളോടും സുഹൃത്തുക്കളോടും ഭാര്യ രഞ്ജന രാംതേക്ക് വിശദമാക്കിയിരുന്നത്. ആര്‍ക്കും തന്നെ സംശയം തോന്നാതിരുന്നതിനാല്‍ പരമ്പരാഗത വിധി പ്രകാശം സംസ്കാര ചടങ്ങുകളും നടന്നു. അടുത്തിടെ വീട്ടിലെത്തിയ മകളാണ് പിതാവിന്‍റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുന്നത്. ഇതിന് കാരണമായത് അമ്മയുടെ ഫോണിലെ ശബ്ദ രേഖയും. കൊലപാതകത്തിന് ശേഷം കാമുകനോട് സംസാരിക്കുന്നതിനിടയില്‍ ഭര്‍ത്താവിന്‍റെ മരണം സംബന്ധിച്ച വിവരം തുറന്ന് പറഞ്ഞത് ഫോണില്‍ റെക്കോര്‍ഡായ വിവരം രഞ്ജന ശ്രദ്ധിച്ചിരുന്നില്ല.
വീട്ടിലെത്തിയ മകള്‍ ശ്വേത അമ്മയുടെ ഫോണ്‍ ഉപയോഗിക്കാനെടുത്തതോടെയാണ് രഹസ്യം പുറത്തായത്. താന്‍ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചെന്നും ബന്ധുക്കള്‍ വന്ന് തിരക്കുമ്പോള്‍ അറ്റാക്കായിരുന്നുവെന്ന് പറയുമെന്നും രഞ്ജന കാമുകനോട് പറഞ്ഞിരുന്നു. മകള്‍ ഈ കാള്‍ റെക്കോര്‍ഡ് പൊലീസിന് കൈമാറുകയായിരുന്നു. ഇതോടെയാണ് കൊലപാതകം തെളിയുന്നത്. മുകേഷ് ത്രിവേദി എന്നയാളോടാണ് രഞ്ജന സംസാരിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഇരുവരേയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെ കൊലപാതകം തെളിയുകയായിരുന്നു. തെളിവുകള്‍ അടക്കം വച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് കാമുകനൊപ്പം ജീവിക്കാനുള്ള പദ്ധതിയുടെ ഭാഗമായി നടന്ന കൊലപാതകം തെളിയുന്നത്. നാഗ്പൂരില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയാണ് കൊലപാതകം നടന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam