
ലക്നൗ: കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ഭീതി പരത്തി ഉത്തർപ്രദേശിലെ യമുനാ നദിയിലൂടെ ഒഴുകി വരുന്നത് നിരവധി മൃതദേഹങ്ങളാണ്. ഇതോടെ പ്രദേശത്തെ ജനങ്ങൾ കൊവിഡ് പരക്കുമോ എന്ന പേടിയിലാണ്. ഒഴുകി വരുന്ന മൃതദേഹങ്ങൾ കൊവിഡ് ബാധിച്ച് മരിച്ചവരുടേതാണോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുമിഞ്ഞു കൂടിയതോടെ ഇവ നദിയിൽ ഒഴുക്കിയതാകാമെന്ന സംശയം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഒഴുകിയെത്തിയ മൃതദേഹങ്ങൾ കണ്ടെത്തി സംസ്കരിക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മരിച്ചവരുടെ കണക്കുകൾ സംസ്ഥാന സർക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ പക്കലില്ലെന്നതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ഹാമിർപൂർ, കാൺപൂർ ജില്ലകളിൽ ധാരാളം പേർ കൊവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്നും ഇവരുടെ മൃതദേഹങ്ങൾ യമുനാ നദിയിലൊഴുക്കുകയാണെന്നും നാട്ടുകാർ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
മരിച്ചവരുടെ മൃതദേഹം പുഴയിലൊഴുക്കുന്ന ആചാരം യമുനാ നദിയുടെ തീരപ്രദേശങ്ങളിലെ ചില ഗ്രാമങ്ങളിൽ നിലനിൽക്കുന്നുണ്ടെന്ന് ഹാമിർപൂർ അസിസ്റ്റന്‍റ് പൊലീസ് സുപ്രണ്ട് അനൂപ് കുമാർ സിംഗ് പറഞ്ഞു. നേരത്തേ വല്ലപ്പോഴുമാണ് മൃതദേഹങ്ങൾ കണ്ടിരുന്നതെങ്കിൽ കൊവിഡ് വ്യാപനത്തിന് പിന്നാലെ നിരവധി മൃതദേഹങ്ങളാണ് നദിയിലെന്നും സിംഗ് കട്ടിച്ചേർത്തു. കൊവിഡ് പടരുമെന്ന് ഭയന്നാണ് പലരും സംസ്കരിക്കാതെ മൃതദേഹം ദൂരേക്ക് ഒഴുക്കി വിടുന്നതിന് മറ്റൊരു പ്രധാനകാരണനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam