
ദില്ലി: നിയമ സഭകൾ പാസാക്കുന്ന ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി പരിശോധിച്ച് വരികയാണെന്ന് കേന്ദ്ര നിയമമന്ത്രി. കേന്ദ്ര സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാകും തുടർ നടപടികളിലേക്ക് കടക്കുകയെന്നും അർജുൻ റാം മേഘ്‌വാൾ വ്യക്തമാക്കി. വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമോ, നിയമ നിർമാണമടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുമോയെന്ന കാര്യത്തിൽ അദ്ദേഹം വ്യക്തമായ സൂചനയൊന്നും നൽകിയില്ല. ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയിൽ പുനഃപരിശോധന ഹര്‍ജി നൽകുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും നിയമമന്ത്രി ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുനഃപരിശോധന ഹർജി നൽകാനുള്ള നീക്കങ്ങൾ തുടങ്ങിയെന്ന് ഇന്നലെ വാർത്തകളുണ്ടായിരുന്നു.
രാഷ്ട്രപതിക്കും ഗവർണർമാർക്കും മുന്നിലെത്തുന്ന ബില്ലുകളിൽ ഒരു മാസം മുതൽ മൂന്നു മാസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്നായിരുന്നു സുപ്രീം കോടതി നേരത്തെ വിധിച്ചത്. ബില്ലുകൾ പിടിച്ചുവെച്ചാൽ അതിന് വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. രാഷ്ട്രപതിക്കോ ഗവർണർക്കോ സമ്പൂർണ്ണ വീറ്റോ അധികാരമില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു സുപ്രീം കോടതി വിധി. ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹർജിയിയിലാണ് സുപ്രീം കോടതി രാഷ്ട്രപതിക്കുടക്കം സമയപരിധി നിർദേശിച്ചത്. ഗവർണർമാർ സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതിനെതിരെ കർശന താക്കീതാണ് ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബഞ്ച് നൽകിയത്.
സർക്കാരിയ കമ്മീഷനിലും പൂഞ്ചി കമ്മീഷനിലും സമയപരിധിക്ക് നിർദ്ദേശമുണ്ടെന്ന് സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയിരുന്നു. തന്‍റെ പരിഗണനയ്ക്ക് വരുന്ന ബില്ലുകൾ ഒന്നുകിൽ അംഗീകരിക്കാനോ അല്ലെങ്കിൽ അംഗീകാരം നൽകുന്നില്ലെന്ന് വ്യക്തമായ കാരണങ്ങളോടെ സംസ്ഥാനങ്ങളെ അറിയിക്കാനോ മൂന്ന് മാസത്തെ സമയപരിധിയാണ് വിധിച്ചിട്ടുള്ളത്. പല സംസ്ഥാനങ്ങളിലെയും ബില്ലുകളെ കോടതി വിധി ബാധിക്കുമെന്നിരിക്കെ കേന്ദ്രത്തിന്‍റെ തുടർ നടപടി എന്താകുമെന്നത് കണ്ടറിയണം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam