ദില്ലിയിൽ ആംആദ്മി തൂത്തുവാരും, ബിജെപി പിടിച്ചുനിൽക്കും, കോൺഗ്രസ് തകർന്നടിയും: എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ

By Web TeamFirst Published Feb 8, 2020, 6:42 PM IST
Highlights

റിപ്പബ്ലിക് ടിവിയുടെ ഫലത്തിൽ 48 മുതൽ 61 വരെയാണ് എഎപിക്ക് പ്രവചിച്ചിരിക്കുന്നത്. ഒൻപത് മുതൽ 21 വരെ സീറ്റുകൾ ബിജെപിക്ക് പ്രവചിക്കുന്നു. കോൺഗ്രസിന് ഒരു സീറ്റ് കിട്ടിയേക്കുമെന്നാണ് പ്രവചനം

ദില്ലി: അസംബ്ലി തെരഞ്ഞെടുപ്പിൽ എഎപിക്ക് തുടർ ഭരണം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. എഎപിക്ക് 44 സീറ്റുകളാണ് ടൈംസ് നൌ പ്രവചിച്ചത്. 26 സീറ്റുകൾ ബിജെപിക്കും ലഭിക്കുമെന്നാണ് പ്രവചനം. കോൺഗ്രസിന് സീറ്റ് പ്രവചിച്ചിട്ടില്ല.

റിപ്പബ്ലിക് ടിവിയുടെ ഫലത്തിൽ 48 മുതൽ 61 വരെയാണ് എഎപിക്ക് പ്രവചിച്ചിരിക്കുന്നത്. ഒൻപത് മുതൽ 21 വരെ സീറ്റുകൾ ബിജെപിക്ക് പ്രവചിക്കുന്നു. കോൺഗ്രസിന് ഒരു സീറ്റ് കിട്ടിയേക്കുമെന്നാണ് പ്രവചനം. 

എഎപി 53 മുതൽ 57 സീറ്റുകൾ വരെ നേടുമെന്ന് ന്യൂസ് എക്സ്  ചാനലിന്റെ എക്സിറ്റ് പോൾ ഫലത്തിൽ പറയുന്നു. ഇന്ത്യാ ന്യൂസിന്റെ എക്സിറ്റ് പോൾ ഫലത്തിൽ ആംആദ്മി പാർട്ടിക്ക് 53 മുതൽ 57 സീറ്റ് വരെ പ്രവചിക്കുന്നു. ബിജെപിക്ക് 11-17 സീറ്റുകൾ. കോൺഗ്രസിന് രണ്ട് സീറ്റ് വരെ കിട്ടിയേക്കുമെന്നും എക്സിറ്റ് പോൾ ഫലത്തിലുണ്ട്.

പോളിങ് ശതമാനത്തിലുണ്ടായ കുറവ് പോലും ആംആദ്മി പാർട്ടിക്ക് വ്യക്തമായ മുൻതൂക്കം നൽകുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇന്ത്യാ ടുഡെയുടെ റിപ്പോർട്ടുകൾ പൂർണ്ണമായും പുറത്തുവന്നിട്ടില്ല. 

ആംആദ്മി പാർട്ടി ദില്ലി തൂത്തുവാരുമെന്ന് തന്നെയാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്. ആംആദ്മി പാർട്ടിക്ക് വെസ്റ്റ് ദില്ലിയിലും നോർത്ത് വെസ്റ്റ് ദില്ലിയിലും മുൻതൂക്കം പ്രവചിക്കുന്നതാണ് ഇന്ത്യാ ടുഡെ എക്സിറ്റ് പോൾ. ഘട്ടംഘട്ടമായാണ് ഇവർ ഫലം പുറത്തുവിടുന്നത്. ഇവിടെ 40 സീറ്റിൽ 28 എണ്ണം വരെ എഎപിക്ക് ലഭിക്കുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപിക്ക് 1-4 സീറ്റ് ലഭിച്ചേക്കും.

ടിവി 9 - ഭാരത് വർഷ് പുറത്തുവിട്ട എക്സിറ്റ് പോൾ ഫലം പ്രകാരം ആംആദ്മി പാർട്ടിക്ക് 54 സീറ്റ് ലഭിക്കും. ബിജെപിക്ക് 15 സീറ്റും കോൺഗ്രസിന് ഒരു സീറ്റും ലഭിക്കുമെന്നാണ് പ്രവചനം. എബിപി ന്യൂസ് ഇതുവരെ പ്രവചിച്ച 60 സീറ്റിൽ 54 എണ്ണവും ആംആദ്മി പാർട്ടിക്കാണ്.

ഗുജ്ജാർ വോട്ടുകൾ ലക്ഷ്യമിട്ട് ഇറങ്ങിയ ബിജെപിക്ക് ഇത് നേടാനായില്ലെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. കോൺഗ്രസിന് അഞ്ച് ശതമാനം വോട്ട് പോലും പ്രവചിക്കപ്പെട്ടില്ല. 

സുദർശൻ ന്യൂസ് പ്രകാരം എഎപിക്ക് 44 മുതൽ 48 വരെ സീറ്റ് പ്രവചിക്കുന്നു. ബിജെപിക്ക് 24 മുതൽ 28 വരെ സീറ്റാണ് പ്രവചിച്ചിരിക്കുന്നത്.

കോൺഗ്രസ് തകർന്നടിയുമെന്നാണ് എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നത്. അതേസമയം ഇത് ആംആദ്മി പാർട്ടിക്ക് ഗുണകരമാകുമെന്നാണ് പറയുന്നത്.

കഴിഞ്ഞ തവണ കൃത്യമായി ഫലം പ്രഖ്യാപിച്ച ഇന്ത്യാ ടുഡെ അടക്കം ആംആദ്മിക്ക് വ്യക്തമായ മുൻതൂക്കം പ്രവചിക്കുന്നു.

കഴിഞ്ഞ തവണ 67 ശതമാനമായിരുന്നു പോളിങ്. അത് ഇക്കുറി 56.69 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്. 60.63 ശതമാനം പോളിങാണ് സീലംപൂരിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ചാന്ദ്നി ചൗക്കിൽ 50 ശതമാനത്തിന് താഴെയാണ് പോളിങ്. 

 

click me!