'ദില്ലിയിലെ ജനങ്ങൾക്ക് മാത്രമേ എന്നെ വിലക്കാൻ സാധിക്കൂ'; പരസ്യമായി വെല്ലുവിളിച്ച് പർവേശ് വർമ്മ

By Web TeamFirst Published Feb 5, 2020, 10:33 AM IST
Highlights

ദില്ലിയിലെ ജനങ്ങൾക്ക് മാത്രമേ തന്ന വിലക്കാൻ സാധിക്കൂ എന്നും പർവേശ് വർമ്മ അവകാശപ്പെട്ടു. തനിക്ക് ഏർപ്പെടുത്തിയ വിലക്ക് ന്യായമാണോ അല്ലയോ എന്ന് ദില്ലിയിലെ ജനങ്ങൾ തീരുമാനിക്കും. 

ദില്ലി: തനിക്ക് വിലക്കേർപ്പെടുത്താൻ ദില്ലിയിലെ ജനങ്ങൾക്ക് മാത്രമേ സാധിക്കൂ എന്ന പരസ്യ വെല്ലുവിളിയുമായി ബിജെപി എംപി പർവേശ് വർമ്മ. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ തീവ്രവാദി എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പർ‌വേശ് വർമ്മയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കൂടാതെ തെര‍ഞ്ഞെടുപ്പിൽ നാല് ദിവസത്തെ പ്രചാരണ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ബിജെപി എംപിയുടെ പ്രത‌ികരണം. 

''പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ദേശദ്രോഹി എന്ന് വിശേഷിപ്പിക്കാമെങ്കിൽ അദ്ദേഹത്തെ തീവ്രവാദിയെന്ന് വിളിക്കാൻ സാധിക്കും. പാകിസ്ഥാൻ സിന്ദാബാദ് എന്ന് വിളിക്കുന്ന ഷഹീൻബാ​ഗിലെ പ്രതിഷേധക്കാർക്കൊപ്പം നിലകൊള്ളാൻ ദില്ലി മുഖ്യമന്ത്രി തയ്യാറായ‌ാൽ അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കണം. സ്വന്തം രാജ്യം ശത്രുരാജ്യത്ത് നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ സംശയം ഉന്നയിച്ചാൽ അദ്ദേ​ഹത്തെ തീവ്രവാദി എന്ന് തന്നെ വിളിക്കണം.'' പർവേശ് വർമ്മ എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

ദില്ലിയിലെ ജനങ്ങൾക്ക് മാത്രമേ തന്ന വിലക്കാൻ സാധിക്കൂ എന്നും പർവേശ് വർമ്മ അവകാശപ്പെട്ടു. തനിക്ക് ഏർപ്പെടുത്തിയ വിലക്ക് ന്യായമാണോ അല്ലയോ എന്ന് ദില്ലിയിലെ ജനങ്ങൾ തീരുമാനിക്കും. ഫെബ്രുവരി എട്ടിന് അവരുടെ തീരുമാനം അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്വേഷ പ്രസം​ഗം നടത്തിയെന്ന കാരണത്താൽ പർവേശ് വർമ്മയെയും കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂറിനെയും തെരഞ്ഞെടുപ്പ് കമ്മീഷൻ യഥാക്രമം 96, 72 ദിവസത്തേയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിദ്വേഷ പ്രചാരണം ശക്തമായിരുന്നു. രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെക്കാനായിരുന്നു കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂര്‍ ആഹ്വാനം ചെയ്തത്. രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരെ എന്ന് ആഹ്വാനം ചെയ്ത താക്കൂര്‍, പ്രവര്‍ത്തകരെക്കൊണ്ട് 'വെടിവെക്കൂ'' മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. പ്രസംഗത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ വൈറലായി. 'ദേശ് കെ ഗദ്ദറോണ്‍'....എന്ന് താക്കൂര്‍ വിളിക്കുകയും 'ഗോലി മാരോ സാലോണ്‍ കോ' എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെയാണ് ബിജെപി എംപി പര്‍വേഷ് സാഹിബ് സിംഗ് വെര്‍മ വിവാദ പ്രസംഗം നടത്തിയത്. അവര്‍(ഷെഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍) നിങ്ങളുടെ വീടുകളില്‍ കയറി  പെണ്‍മക്കളെയും സഹോദരികളെയും ബലാത്സംഗം ചെയ്യുമെന്ന് വെര്‍മ പറഞ്ഞു. ദില്ലി നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി റാലിയിലായിരുന്നു എംപിയുടെ പരാമര്‍ശം.

ന​ഗരത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് താൻ പ്രസം​ഗത്തിൽ ഉൾപ്പെടുത്താറുള്ളതെന്ന് പർവേശ് വർമ്മ അവകാശപ്പെട്ടു. അരമണിക്കൂർ പ്രസം​ഗിച്ചാൽ 25 മിനിറ്റ് ദില്ലിയുടെ വികസനത്തെക്കുറിച്ചായിരിക്കും സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇക്കാര്യങ്ങളൊന്നും മാധ്യമങ്ങൾ പുറത്ത് കൊണ്ടുവരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫെബ്രുവരി എട്ട് ശനിയാഴ്ചയാണ് ദില്ലിയിലെ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 11 ന് ഫലം പ്രഖ്യാപിക്കും. 

click me!