'എത്ര കിട്ടിയിട്ടും തൃപ്തിയില്ല', സ്ത്രീധന പീഡനത്തിനിടെ ജന്മം നൽകിയത് പെൺകുഞ്ഞിന്, യുവതിയുടെ മരണത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ കോടതി

Published : Jun 06, 2026, 10:37 AM IST
bride

Synopsis

വലിയ രീതിയിൽ സ്ത്രീധനവും സമ്മാനങ്ങളും നൽകിയാണ് പെൺകുട്ടിയുടെ വീട്ടുകാർ വിവാഹം നടത്തിക്കൊടുത്തത്. അമ്പതിനായിരം രൂപ വിലവരുന്ന അപ്പാച്ചെ ബൈക്ക്, ബിസിനസ് ആവശ്യങ്ങൾക്കായി നാൽപ്പതിനായിരം രൂപയുടെ വായ്പ, ഭർത്താവിന്റെ സഹോദരിക്ക് നൽകാനായി ഒരു ലക്ഷം രൂപ എന്നിവയെല്ലാം ആവശ്യപ്പെട്ടായിരുന്നു ക്രൂരത

ദില്ലി: വിവാഹ ശേഷവും പെൺകുഞ്ഞിന് ജന്മം നൽകിയ ശേഷവും മരണം വരെ യുവതി സഹിക്കേണ്ടി വന്നത് സമാനതയില്ലാത്ത സ്ത്രീധന പീഡനം. ഭർത്താവിനും കുടുംബാംഗങ്ങളും കുറ്റക്കാരെന്ന് കോടതി. ദില്ലിയിലെ കർക്കർദൂമ കോടതി ഒരു സ്ത്രീയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സ്ത്രീധന പീഡനക്കേസിൽ ഭർത്താവിനെയും കുടുംബാംഗങ്ങളെയും കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷാർഹരാണെന്ന് വിധിച്ചത്. വിവാഹം കഴിഞ്ഞ് ഏഴു വർഷത്തിനുള്ളിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിലും, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും മരണം വരെ ആ സ്ത്രീ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. ജഡ്ജി ഹർവീന്ദർ സിംഗ് ആണ് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. മകളെ നഷ്ടപ്പെട്ട ഒരു പിതാവ് സ്വാഭാവികമായും വലിയ മാനസിക ആഘാതത്തിലായിരിക്കുമെന്നും, അതിനാൽ സംഭവത്തിന് തൊട്ടുപിന്നാലെ നൽകുന്ന പ്രാഥമിക മൊഴിയിൽ ഉണ്ടാകാനിടയുള്ള ചെറിയ വിട്ടുപോലുകളെ കേസിനെ ബാധിക്കുന്ന പ്രധാന പോരായ്മകളായി കാണാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. വിവാഹത്തിന്റെ തുടക്കം മുതൽ മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വരെ ഇരയായ സ്ത്രീ നിരന്തരമായ ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിച്ചിരുന്നുവെന്ന് തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്. തങ്ങളോട് മകൾ ചോദിക്കുന്ന ആവശ്യങ്ങൾ ഒടുവിൽ സ്വന്തം മകളുടെ മരണത്തിലേക്ക് നയിക്കുമെന്ന് ഒരു മാതാപിതാക്കളും സ്വപ്നത്തിൽ പോലും വിചാരിക്കില്ലെന്ന് കോടതി കൂട്ടിച്ചേർത്തു. ഏകദേശം ആറ് വർഷത്തോളം നീണ്ടുനിന്ന പീഡന പരമ്പരയായതിനാൽ, ഓരോ തവണയും സ്ത്രീധനം ആവശ്യപ്പെട്ട കൃത്യമായ തീയതിയോ അത് കൈപ്പറ്റിയ ആളുടെ വിവരങ്ങളോ പൂർണ്ണമായി ഓർത്തുപറയാൻ പെൺകുട്ടിയുടെ വീട്ടുകാർക്ക് സാധിക്കണമെന്നില്ല എന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി തള്ളി.

2011 ജൂൺ 10നാണ് വലിയ രീതിയിൽ സ്ത്രീധനവും സമ്മാനങ്ങളും നൽകിയാണ് പെൺകുട്ടിയുടെ വീട്ടുകാർ വിവാഹം നടത്തിക്കൊടുത്തത്. എന്നാൽ വിവാഹശേഷം ഭർത്താവും വീട്ടുകാരും കൂടുതൽ പണം ആവശ്യപ്പെട്ട് പെൺകുട്ടിയെ സമ്മർദ്ദത്തിലാക്കാൻ തുടങ്ങി. അമ്പതിനായിരം രൂപ വിലവരുന്ന അപ്പാച്ചെ ബൈക്ക്, ബിസിനസ് ആവശ്യങ്ങൾക്കായി നാൽപ്പതിനായിരം രൂപയുടെ വായ്പ, ഭർത്താവിന്റെ സഹോദരിക്ക് നൽകാനായി ഒരു ലക്ഷം രൂപ എന്നിവയെല്ലാം ആവശ്യപ്പെട്ടായിരുന്നു ക്രൂരത. ഇതിനെല്ലാം പുറമെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതിന്റെ പേരിലും യുവതി നിരന്തരം അധിക്ഷേപങ്ങൾക്കും മർദ്ദനങ്ങൾക്കും ഇരയായി. 2016 ഓഗസ്റ്റ് 18ന് രക്ഷാബന്ധൻ പ്രമാണിച്ച് സ്വന്തം വീട്ടിലെത്തിയപ്പോഴാണ് താൻ നേരിടുന്ന ഈ ക്രൂരതകളെക്കുറിച്ച് അവൾ മാതാപിതാക്കളോട് തുറന്നുപറഞ്ഞത്. ഭർത്താവും ഭർതൃമാതാവും ഭർതൃസഹോദരനും ചേർന്ന് തന്നെയൊരു മൃഗത്തെപ്പോലെയാണ് കാണുന്നതെന്ന് യുവതി മാതാപിതാക്കളോട് വെളിപ്പെടുത്തി. ഓഗസ്റ്റ് 19ന് ഭർതൃഗൃഹത്തിലേക്ക് മടങ്ങിപ്പോയ യുവതിയെ രണ്ട് ദിവസങ്ങൾക്ക് ശേഷം ഓഗസ്റ്റ് 21ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഭർതൃവീട്ടിൽ ഉണ്ടായ നിരന്തരമായ പീഡനങ്ങളും അവഹേളനങ്ങളുമാണ് പെൺകുട്ടിയുടെ ആത്മഹത്യയ്ക്ക് നേരിട്ടുള്ള കാരണം എന്ന് യുവതിയുടെ കുടുംബം ആരോപിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 304 ബി പ്രകാരം സ്ത്രീധന മരണത്തിന്റെ പരിധിയിൽ വരുമെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. എന്നാൽ പ്രതിഭാഗം ഈ ആരോപണങ്ങളെല്ലാം നിഷേധിക്കാൻ ശ്രമിച്ചു. തങ്ങൾ ആവശ്യപ്പെട്ടത് സ്ത്രീധനമല്ലെന്നും ഒരു വായ്പ മാത്രമാണെന്നുമായിരുന്നു അവരുടെ വാദം. കൂടാതെ പെൺകുട്ടിയുടെ സഹോദരിയുടെ വിവാഹം ഒരു ധനികനുമായി നടക്കാത്തതിലുള്ള നിരാശ മൂലം അവൾ കടുത്ത വിഷാദത്തിലായിരുന്നുവെന്നും അവർ വാദിച്ചു. മുൻപൊന്നും പോലീസിൽ പരാതി നൽകിയിട്ടില്ലാത്തതിനാലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മറ്റ് പരിക്കുകൾ ഇല്ലാത്തതിനാലും ഇത് സാധാരണ ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ അവർ ശ്രമിച്ചു. പെൺകുട്ടിയുടെ അച്ഛൻ സാമ്പത്തികമായി അത്ര ഭദ്രമല്ലാത്തതിനാൽ ഇത്രയും വലിയ തുക നൽകാൻ അദ്ദേഹത്തിന് കഴിയില്ലെന്നും അതിനാൽ സാക്ഷികളുടെ മൊഴികൾ വിശ്വസനീയമല്ലെന്നും പ്രതിഭാഗം അഭിഭാഷകർ വാദിച്ചു.

എന്നാൽ കർക്കർദൂമ കോടതി പ്രതികളുടെ ഈ വാദങ്ങളെല്ലാം പൂർണ്ണമായി തള്ളിക്കളഞ്ഞു. വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിൽ നടന്ന അസ്വാഭാവിക മരണമായതിനാൽ ഇത് സ്ത്രീധന മരണത്തിന്റെ പരിധിയിൽ വ്യക്തമായി വരുമെന്ന് കോടതി വിലയിരുത്തി. മകൾ നഷ്ടപ്പെട്ട അച്ഛന്റെ മാനസികാവസ്ഥ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ മൊഴിയിലെ ചെറിയ വൈരുദ്ധ്യങ്ങൾ കോടതി തള്ളിക്കളഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മൊഴികൾ വിശ്വസനീയമാണെന്ന് കോടതി കണ്ടെത്തി. സ്ത്രീധന ആവശ്യങ്ങൾ നിറവേറ്റാൻ പല കുടുംബങ്ങളും കടം വാങ്ങാറുണ്ടെന്ന യാഥാർത്ഥ്യം ചൂണ്ടിക്കാണിച്ച കോടതി, അച്ഛന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള പ്രതികളുടെ വാദം നിരസിച്ചു. ശരീരത്തിൽ പുറമേ പരിക്കുകൾ ഇല്ല എന്നതുകൊണ്ട് മാത്രം ഒരാൾ അനുഭവിച്ച മാനസിക ശാരീരിക പീഡനങ്ങളെ ഇല്ലാതാക്കാൻ കഴിയില്ലെന്നും, മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പോലും അമ്പതിനായിരം രൂപ ആവശ്യപ്പെട്ട് അവളെ മർദ്ദിച്ചിരുന്നുവെന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഈ പീഡനങ്ങളുടെ തുടർച്ചയാണ് മരണമെന്ന് ഉറപ്പായതോടെയാണ് ഭർത്താവിനെയും കുടുംബത്തെയും കോടതി ശിക്ഷാർഹരായി പ്രഖ്യാപിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബെംഗളൂരുവിൽ നിന്ന് പറന്നുയരുന്നതിനിടെ അപകടം: മുംബൈക്ക് പോയ ഇൻഡിഗോ വിമാനത്തിൻ്റെ മുൻവശത്ത് പക്ഷിയിടിച്ചു; വിമാനം തിരിച്ചിറക്കി
'കോക്റോച്ച് ജനത പാർട്ടി നേതാക്കള അറസ്റ്റ് ചെയ്താൽ നിരാഹാര സമരം നടത്തും'; മുന്നറിയിപ്പുമായി സോനം വാങ്ചുക്ക്