
ദില്ലി: കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നിനാണ് രാജ്യ തലസ്ഥാനമായ ദില്ലി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ''ഞാനിവിടെ കുടുങ്ങിക്കിടക്കുകയാണ്, ജീവനോടെ പുറത്ത് വരാൻ സാധിക്കുമെന്ന് എനിക്ക് പ്രതീക്ഷയില്ല.'' ദില്ലിയിലെ ലഗേജ് നിർമ്മാണകമ്പനിയിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ഇരുപത്തെട്ടുകാരനായ ബീഹാർ സ്വദേശി ഷാകിർ ഹുസ്സൈൻ അവസാനമായി പറഞ്ഞ വാക്കുകളാണിത്. വിഷപ്പുകയിൽ ശ്വാസം മുട്ടി മരിക്കുന്നതിന് മുമ്പ് ഗർഭിണിയായ തന്റെ ഭാര്യയോട് സംസാരിക്കുകയായിരുന്നു ഷാകിർ. ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ദില്ലിയിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 43 ജീവനുകളാണ് പൊലിഞ്ഞുപോയത്.
ഷക്കീർ ഹുസൈന്റെ സഹോദരൻ സാക്കിർ ഹുസ്സൈനും സംഭവത്തിൽ പരിക്കേറ്റിരുന്നു. ബീഹാറിലെ മധുബാനി ജില്ലയിൽ നിന്നുള്ളവരാണ് ഇവർ. ഞായറാഴ്ച ഷോപ്പിംഗിന് പോകാൻ ഒരുങ്ങിയിരിക്കുകയായിരുന്നു ഈ സഹോദരങ്ങൾ. രണ്ട് പെൺകുട്ടികളും ഒരാൺകുട്ടിയുമാണ് ഷക്കീറിനുള്ളത്. നാല് മക്കളെ അച്ഛനില്ലാത്തവരാക്കിയാണ് ഷക്കീർ പോയതെന്ന് സഹോദരൻ കണ്ണീരോടെ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഫാക്ടറിയിലെ നാലാം നിലയിൽ സ്ഥിതി ചെയ്യുന്ന തൊപ്പി നിർമ്മാണ യൂണിറ്റിലെ ജീവനക്കാരനായിരുന്നു ഷക്കീർ.
അമ്പത്തിയെട്ട് വയസ്സുള്ള നഫീസിന് ദുരന്തത്തിൽ രണ്ടാൺമക്കളെയും നഷ്ടപ്പെട്ടു. ആറ് വർഷങ്ങൾക്ക് മുമ്പ് ഉത്തർപ്രദേശിലെ മുറാദാബാദിൽ നിന്നും ദില്ലിയിലെത്തിയതായിരുന്നു ഈ കുടുംബം. ക്യാരിബാഗ് നിർമ്മാണ യൂണിറ്റിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. ഫാക്ടറിലെ രണ്ടാം നിലയിൽ പ്രവർത്തിച്ചിരുന്ന ഈ യൂണിറ്റിൽ ഏകദേശം ഇരുപത്തഞ്ച് തൊഴിലാളികളാണുണ്ടായിരുന്നത്. മൂത്ത മകൻ ഇമ്രാൻ എന്നെ വിളിച്ചിരുന്നു. അബ്ബൂ, കെട്ടിടത്തിലാകെ തീ പടർന്നു കൊണ്ടിരിക്കുകയാണ്. ജീവനോടെ പുറത്തെത്താൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എന്നെ രക്ഷപ്പെടുത്താൻ കഴിയുമോ എന്ന് ചോദിച്ചു. ഫയർ സർവ്വീസിനെ അറിയിച്ചില്ലേയെന്ന് ഞാൻ ചോദിച്ചു. വളരെ പെട്ടെന്ന് ഫോൺ കട്ടായി. പിന്നീട് അവൻ എന്റെ കോൾ അറ്റെൻഡ് ചെയ്തതേയില്ല. നഫീസ് പറയുന്നു. ഇളയ മകനായ ഇക്രത്തിനോട് സംസാരിക്കാൻ പോലും അവസരം ലഭിച്ചില്ലെന്ന് നഫീസ് തേങ്ങലോടെ വെളിപ്പെടുത്തുന്നു.
പൊള്ളലേറ്റതിനേക്കാൾ കൂടുതൽ ഏറെ പേർ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ദുരന്തത്തിൽ മരിച്ചതാര്, പരിക്കറ്റതാര് എന്നറിയാതെ ബന്ധുക്കൾ വലയുകയാണ്. ഓരോരുത്തരും തങ്ങളുടെ ഉറ്റവരെത്തേടി ഒരു ഹോസ്പിറ്റലിൽ നിന്നും മറ്റൊരിടത്തേയക്ക് പായുന്ന കാഴ്ചയാണ് ദില്ലിയിലെങ്ങും. പലരും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മുഖം തിരിച്ചറിയാൻ മോർച്ചറിയ്ക്ക് മുന്നിൽ കാത്തുനിൽപ്പാണ്. ദില്ലിയിലെ എൽഎച്ച് എംസി ഹോസ്പിറ്റലിലാണ് പരിക്കറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ചവരിലും പരിക്കറ്റവരിലും തൊഴിലാളികളാണ് കൂടുതൽ.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കേന്ദ്രമന്ത്രിമാരായ ഹർദീപ് പുരി, ഹർഷവർദ്ധൻ, ലോക്സഭാ എംപി പർവേശ് സാഹിബ് സിംഗ് വർമ്മ, ദില്ലി ബിജെപി പ്രസിഡന്റ് മനോജ് തിവാരി, ബിജെപി എംഎൽഎ മജീന്ദർ സിംഗ് സിർസാ എന്നിവർ ഹോസ്പിറ്റലിൽ എത്തി ദുരന്ത ബാധിതരെയും അവരുടെ കുടുംബങ്ങളെയും സന്ദർശിച്ചിരുന്നു.1997 ൽ ഉപഹാർ സിനിമാശാലയിലുണ്ടായ തീപിടുത്തത്തിന് ശേഷമുള്ള വലിയ ദുരന്തമാണിതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അന്നത്തെ സംഭവത്തിൽ 59 പേരാണ് കൊല്ലപ്പെട്ടത്. നൂറിലധികം പേർക്ക് ഗുരുതരമായി പരിക്കറ്റിരുന്നു.
മരിച്ചവരിൽ ഭൂരിഭാഗവും ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റത്തൊഴിലാളികളാണ്. ഫാക്ടറിക്കുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നാണ് തീ പടർന്നു പിടിക്കാൻ തുടങ്ങിയത്. മതിയായ സുരക്ഷാ സജ്ജീകരണങ്ങളില്ലാതെയാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 150 അഗ്നിശനമ സേനാ ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. കെട്ടിടത്തിനുള്ളിൽ നിന്ന് 63 പേരെ ഇവർക്ക് പുറത്തെത്തിക്കാൻ സാധിക്കു. അകത്ത് കുടുങ്ങിയപ്പോയ 43 പേരാണ് മരിച്ചത്. പതിനാറ് പേർ പരിക്കേറ്റ് ആശുപത്രിയിലാണ്. രക്ഷാപ്രവർത്തനത്തിനിടയിൽ രണ്ട് അഗ്നിശമന സേനാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ലോക്സഭാ എംപി വർമ്മ ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam