'ജനലുകള്‍ അടച്ചിടണം'; വെട്ടുകിളി ആക്രമണം നേരിടാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ദില്ലി സര്‍ക്കാര്‍

By Web TeamFirst Published Jun 27, 2020, 4:45 PM IST
Highlights

വെട്ടുകിളി ആക്രമണം നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ദില്ലിയിലെ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
 

ദില്ലി: വെട്ടുകിളി ആക്രമണം തടയാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ദില്ലി സര്‍ക്കാര്‍. വീടുകളുടെ വാതിലുകളും ജനാലകളും അടച്ചിടാനും വലിയ ശബ്ദങ്ങള്‍ മുഴക്കാനുമാണ് നിര്‍ദ്ദേശം. ചെടികള്‍ പ്ലാസ്റ്റിക്ക് കവറുകള്‍ കൊണ്ട് പൊതിഞ്ഞ് സൂക്ഷിക്കണം. വേപ്പ് ഇലകൾ കൂട്ടിയിട്ട് കത്തിക്കുക, രാസപദാർത്ഥങ്ങൾ സ്പ്രേ ചെയ്യുക എന്നീ നിർദ്ദേശങ്ങളാണ് മറ്റ് ചിലത്. വെട്ടുകിളി ആക്രമണം നേരിടാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ദില്ലിയിലെ ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ദേശീയ തലസ്ഥാന മേഖലയിൽ വെട്ടുകിളി ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഇന്ന് രാവിലെ മുതൽ ഹരിയാനയിലെ ഗുരുഗ്രാം മേഖലയിൽ വെട്ടുകിളി കൂട്ടം എത്തി. ഇവിടുത്തെ റസി‍ഡൻഷ്യൽ മേഖലകൾ ഉൾപ്പെടെ പ്രതിസന്ധിയിലാണ്. വെട്ടുകിളിയാക്രമണം കണക്കിലെടുത്ത് ദില്ലി വിമാനത്താവളത്തിലെത്തുന്ന വിമാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ തെക്ക് പടിഞ്ഞാറൻ ദില്ലിയിലെ ജില്ലകളിലെ
കർഷകർക്കും ദില്ലി സർക്കാർ അറിയിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ ഇവ നേരിടാനുള്ള പരിശീലനം ക‌ർഷകർക്ക് നൽകിയിരുന്നു. വെട്ടുകിളികള്‍ ദില്ലിയിലേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്ത് ദില്ലി സർക്കാ‍ർ അടിയന്തര യോഗം കൂടി സ്ഥിതിഗതികൾ വിലയിരുത്തി.

 

click me!