
ദില്ലി: വിവാഹശേഷം പേര് മാറ്റിയ സ്ത്രീകൾ അവരുടെ പഴയ പേരിലേക്ക് മാറുന്നതിന് കേന്ദ്ര നഗരവികസന മന്ത്രാലയം നിർദ്ദേശിച്ച മാനദണ്ഡം വിവാദത്തിൽ. പേരു മാറ്റാൻ വിവാഹമോചനം നേടിയതിന്റെ രേഖകളോ ഭർത്താവിൽനിന്ന് സമ്മതപ്പത്രമോ വാങ്ങണമെന്ന വിജ്ഞാപനമാണ് വിവാദമായിരിക്കുന്നത്. വിജ്ഞാപനം ചോദ്യം ചെയ്ത് ദില്ലി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് യുവതി. തുല്യതയുടെ ലംഘനമെന്ന് ഹർജിക്കാരി വിശദമാക്കുന്നത്.
ഹർജിയിൽ കേന്ദ്ര സർക്കാരിനോട് മറുപടി നൽകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ദില്ലി ഹൈക്കോടതി. ദില്ലി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മൻമീത് പ്രീതം സിംഗ് അറോറ എന്നിവരുടെ ബെഞ്ചാണ് കേന്ദ്ര സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. ദിവ്യ മോദി തോഗ്യ എന്ന യുവതിയുടെ ഹർജിയിലാണ് നീക്കം. വിവാഹ മോചന നടപടികൾ പുരോഗമിക്കുന്നതിനിടയിലാണ് യുവതിയുള്ളത്. ഇതിനിടയിലാണ് യുവതി പേരുമാറ്റണമെന്ന അപേക്ഷ നൽകിയത്.
എന്നാൽ ഭർത്താവിൽ നിന്ന് എൻഒസിയോ ഡിവോഴ്സ് പേപ്പറുകളോ ഇല്ലാതെ ഇത് സാധ്യമാകില്ലെന്ന് മനസിലായതോടെയാണ് യുവതി കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ 14, 19, 21 അനുസരിച്ചുള്ള മൌലിക അവകാശങ്ങളുടെ ലംഘനമെന്നാണ് യുവതി ഹർജിയിൽ വ്യക്തമാക്കിയത്. കേസിൽ തുടർവാദം മാർച്ച് 28ന് നടക്കും. പരാതിക്കാരിക്കായി റൂബി സിംഗ് അഹൂജ, വിഷാൽ ഘെരാന, ഹാൻസി മെയിൻ, ദേവാംഗ് കുമാർ എന്നിവരാണ് ഹാജരായത്. ബന്ധപ്പെട്ട അധികാരികൾക്ക് ഇത്തരം രേഖകൾ കൂടാതെ തന്നെ പേരുമാറ്റം സംബന്ധിയായ തുടർനടപടികൾ സ്വീകരിക്കാൻ ഉത്തരവിടണമെന്നാണ് യുവതി ഹർജിയിൽ ആവശ്യപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam