വീട്ടിലെ ഭക്ഷണം ആവശ്യപ്പെട്ട് ചിദംബരം: ജയിലിൽ ഒരേ തരം ഭക്ഷണമേ ഉള്ളൂവെന്ന് കോടതി

By Web TeamFirst Published Sep 12, 2019, 6:19 PM IST
Highlights

വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം ചിദംബരത്തിന് നല്‍കാന്‍ അനുമതി വേണമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ദില്ലി: വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ ജയിലില്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് മറുപടി നല്‍കി ദില്ലി ഹൈക്കോടതി. ജയിലില്‍ എല്ലാവര്‍ക്കും ഒരേ ഭക്ഷണമാണെന്ന് കോടതി അറിയിച്ചു. ഐഎന്‍എക്സ് മീഡിയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് ചിദംബരം.

വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണം ചിദംബരത്തിന് നല്‍കാന്‍ അനുമതി വേണമെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് മറുപടിയായാണ് ജയിലില്‍ മറ്റ് തടവുകാര്‍ക്ക് ലഭിക്കുന്ന ഭക്ഷണം മാത്രമെ ചിദംബരത്തിനും നല്‍കാന്‍ സാധിക്കുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കിയത്. എന്നാല്‍ ചിദംബരത്തിന് 74 വയസ്സുണ്ടെന്നാണ് കോടതിയുടെ മറുപടിയോട് കപില്‍ സിബല്‍ പ്രതികരിച്ചത്. 

ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. അതേസമയം ജാമ്യം തേടിയുള്ള ഹര്‍ജിയില്‍ സിബിഐയോട് ദില്ലി ഹൈക്കോടതി സ്റ്റാറ്റസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. സെപ്തംബര്‍ 23- നാണ് ഇനി ഹര്‍ജിയില്‍ വാദം കേള്‍ക്കുക. 

click me!