
ദില്ലി: റീലുകൾ ചിത്രീകരിക്കുന്നതിനായി ഡിഎസ്എൽആർ ക്യാമറ വാങ്ങാൻ മോഷണം നടത്തിയ ഗാർഹിക ജോലിക്കാരിയെ അറസ്റ്റ് ചെയ്തു. ദില്ലി ദ്വാരകയിലാണ് സംഭവം. 30 കാരിയായ നീതു യാദവ് എന്ന യുവതിയാണ് റീലുകൾ നിർമ്മിക്കുന്നതിനായി ഡിഎസ്എൽആർ ക്യാമറ വാങ്ങാൻ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവും വെള്ളിയും മോഷ്ടിച്ചത്. തൻ്റെ യൂട്യൂബ് ചാനലിനായി വീഡിയോകൾ ചിത്രീകരിക്കാനാണ് ഇവർ നിക്കോൺ ഡിഎസ്എൽആർ ക്യാമറ വാങ്ങാൻ തീരുമാനിച്ചത്. ദ്വാരക ഡിസ്ട്രിക്റ്റിലെ ആൻ്റി ബർഗ്ലറി സെല്ലാണ് യുവതിയെ അറസ്റ്റ് ചെയ്ത് മോഷ്ടിച്ച ആഭരണങ്ങൾ കണ്ടെടുത്തത്.
ജൂലൈ 15 നാണ് വീട്ടിൽ മോഷണം നടന്നതായി പൊലീസിന് പരാതി ലഭിച്ചത്. തൻ്റെ വീട്ടിൽ നിന്ന് സ്വർണ്ണ വളയും വെള്ളി ചെയിൻ, വെള്ളി ആഭരണങ്ങൾ എന്നിവ മോഷ്ടിക്കപ്പെട്ടതായി ഉടമ പറഞ്ഞു. മോഷണത്തിന് ഏതാനും ദിവസം മുമ്പ് വീട്ടിൽ ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരിയെ സംശയിക്കുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു.
പൊലീസ് നീതുവിൻ്റെ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ അത് സ്വിച്ച് ഓഫ് ആയിരുന്നു. ഇവരുടെ വിലാസവും വ്യാജമാണെന്ന് കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നാട്ടുകാരുമായി സംസാരിച്ചതിനെ തുടർന്ന് നീതുവിൻ്റെ ലൊക്കേഷൻ കണ്ടെത്തി. തുടർന്ന് ദില്ലിയിൽ നിന്ന് ബാഗുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്. ചോദ്യം ചെയ്യലിൽ താൻ രാജസ്ഥാൻ സ്വദേശിയാണെന്നും ഭർത്താവ് മയക്കുമരുന്നിന് അടിമയാണെന്നും വെളിപ്പെടുത്തി. യുവതി യൂട്യൂബ് ചാനലിൽഇൻസ്റ്റാഗ്രാം റീലുകൾ പോസ്റ്റ് ചെയ്തിരുന്നു. വീഡിയോ ചിത്രീകരിക്കാൻ ഡിഎസ്എൽആർ ക്യാമറ വാങ്ങാൻ സുഹൃത്ത് ഉപദേശിച്ചു. ക്യാമറ വാങ്ങാനായി ബന്ധുക്കളോട് കടം ചോദിച്ചെങ്കിലും ആരും നൽകിയില്ല. തുടർന്നായിരുന്നു മോഷണം ആസൂത്രണം ചെയ്തത്.