ദില്ലി കപസേരയിൽ ഒരേ കെട്ടിടത്തിലെ 17 പേർക്കു കൂടി കൊവിഡ്; മജീദിയ ആശുപത്രിയിൽ ഡോക്ടർക്കും രോ​ഗം

By Web TeamFirst Published May 3, 2020, 5:11 PM IST
Highlights

ഇന്നലെ ഇതേ കെട്ടിടത്തിൽ 41 പേർക്ക് രോ​ഗം കണ്ടെത്തിയിരുന്നു. മജീദിയ ആശുപത്രിയിൽ കൊവിഡ് രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്നിട്ടും നീരീക്ഷണത്തിലാക്കാതെ ജോലി എടുപ്പിച്ച  ആരോഗ്യപ്രവർത്തകരിൽ  മൂന്ന് പേർക്ക് രോ​ഗം സ്ഥിരീകരിച്ചു

ദില്ലി: ദില്ലി കപസേരയിൽ ഒരേ കെട്ടിടത്തിൽ താമസക്കാരായ 17 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ ഇതേ കെട്ടിടത്തിൽ 41 പേർക്ക് രോ​ഗം കണ്ടെത്തിയിരുന്നു. മജീദിയ ആശുപത്രിയിൽ കൊവിഡ് രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വന്നിട്ടും നീരീക്ഷണത്തിലാക്കാതെ ജോലി എടുപ്പിച്ച  ആരോഗ്യപ്രവർത്തകരിൽ  മൂന്ന് പേർക്ക് രോ​ഗം സ്ഥിരീകരിച്ചു. ഒരു ഡോക്ടർക്കും രണ്ട് നഴ്സുമാർക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്. 

രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് ദില്ലി. ദില്ലിയിൽ കഴിഞ്ഞ ദിവസം മാത്രം 384 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മൂന്നു പേരാണ് ഇന്നലെ ഇവിടെ മരിച്ചത്. 

ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ദില്ലിയിലെ സിആർപിഎഫ് ആസ്ഥാനം ഇന്ന് അടച്ചു. ഓഫീസ് ആസ്ഥാനത്ത് ജോലി ചെയ്തിരുന്ന ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ലോധി റോഡിൽ സ്ഥിതി ചെയ്യുന്ന സിആർപിഎഫ് ആസ്ഥാനത്തേക്ക് ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ ആരെയും കടത്തിവിടില്ലെന്ന് അധികൃതർ അറിയിച്ചു. അണുനശീകരണത്തിനായാണ് ആസ്ഥാനം അടച്ചത്. ദില്ലിയിൽ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് അടച്ചിടുന്ന രണ്ടാമത്തെ തന്ത്രപ്രധാനമായ കെട്ടിടമാണിത്. 

ദില്ലിയിലെ മയൂർവിഹാർ ഫേസ് 3-യിൽ ഉള്ള സിആർപിഎഫിന്‍റെ 31-ാം ബറ്റാലിയനിൽ 122 ജവാൻമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെത്തന്നെയുള്ള 100 പേരുടെ കൂടി ഫലം വരാനിരിക്കുകയാണ്. കൂട്ടത്തോടെ ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഈ ക്യാമ്പ് പൂർണമായും അടച്ചിട്ടിരിക്കുകയാണ്. 

അതേസമയം,  ദില്ലിയിൽ മദ്യശാലകൾ തുറക്കാൻ തീരുമാനമായി. നാളെ മുതലാണ് തുറക്കുക .545 കടകളിൽ 450 കടകൾ  തുറക്കും. തീവ്രബാധ മേഖലകളിലെയും മാളുകൾക്കുള്ളിലെയും മദ്യശാലകൾ തുറക്കാൻ അനുമതിയില്ല.

Read Also: ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു, ദില്ലിയിൽ സിആർപിഎഫ് ആസ്ഥാനം അടച്ചിട്ടു...

 

click me!