
ദില്ലി: ദില്ലി ഓർഡിനൻസിൽ ആം ആദ്മി പാർട്ടിയെ പിന്തുണക്കാൻ കോണ്‍ഗ്രസില്‍ ധാരണ. പാർലമെന്‍റ് നയരൂപീകരണ സമിതി യോഗത്തിലാണ് തീരുമാനം. മറ്റന്നാൾ പ്രതിപക്ഷ പാർട്ടികളുടെ യോഗം നടക്കാനിരിക്കെയാണ് കോൺഗ്രസ് നിലപാട് പ്രഖ്യാപിച്ചത്. ദില്ലി സർക്കാരിന്റെ അധികാര പരിധിയിൽ കൈ കടത്തുന്നതിന് വേണ്ടി കേന്ദ്രം ഒരു ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. ഇതിനെതിരെ ഒരു ബില്ല് പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ആം ആദ്മി പാർട്ടി. എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും പ്രത്യേകിച്ച് കോൺഗ്രസ് അടക്കമുള്ളവരുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ഈ നീക്കം വിജയിക്കുകയുള്ളൂ. കോൺഗ്രസ് ഉൾപ്പെടെ എല്ലാ പാർട്ടികളുടെയും പിന്തുണ ആം ആദ്മി പാർട്ടി തേടിയിരുന്നു.
എന്നാൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിരുന്നില്ല. പാറ്റ്നയിൽ ചേർന്ന ആദ്യ പ്രതിപക്ഷ യോഗത്തിലും ഇക്കാര്യത്തിൽ ഒരു വ്യക്തത വേണം എന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. എന്നാൽ അത് നടന്നില്ല. അരവിന്ദ് കെജ്രിവാളും ഖർഗെയും തമ്മിൽ ആ യോഗത്തിൽ വാക്കേറ്റം വരെയുണ്ടായി. പാർലമെന്റ് സമ്മേളനത്തിന് മുമ്പ് നിലപാട് എടുക്കും എന്ന് ഖർഗെ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇന്ന് പാർലമെന്റ് നയരൂപീകരണ സമിതി സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ദില്ലി ഓർഡിനൻസുമായി ബന്ധപ്പെട്ടുള്ള നീക്കത്തിൽ ആം ആദ്മി പാർട്ടിയെ പിന്തുണക്കാമെന്ന നിലപാടിലേക്ക് കോൺഗ്രസ് എത്തിച്ചേർന്നത്.
മാത്രമല്ല, മറ്റന്നാൾ ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം നടക്കാനിരിക്കുകയാണ്. ഈ യോഗത്തിന് മുമ്പ് നിലപാട് പറഞ്ഞില്ലെങ്കിൽ സഖ്യനീക്കം ഉപേക്ഷിക്കുമെന്ന് ആം ആദ്മി പാർട്ടിയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുന്നറിയിപ്പ് നൽകിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. മാത്രമല്ല, കോൺഗ്രസിന്റെ ഈ നിലപാടിനെതിരെ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ അതൃപ്തി ഉണ്ടായിട്ടുണ്ട്. മറ്റ് പ്രതിപക്ഷ പാർട്ടികളുടെ സമ്മർദ്ദവും മറ്റന്നാൾ യോഗവും നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസ് ഈ തീരുമാനത്തിലെത്തിയിരിക്കുന്നത്.
മോദി' പരാമർശത്തിലെ അപകീർത്തി കേസ്: രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ നൽകി