
ദില്ലി: ലോക്ക്ഡൌണ്‍ കാലത്ത് വാടകക്കാരില്‍ നിന്ന് നിര്‍ബന്ധിച്ച് വാടക ഈടാക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്. ദില്ലി ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയുടെ നിര്‍ദ്ദേശം മറികടന്നതിനാണ് കേസ്. ലോക്ക്ഡൌണ്‍ കാലത്ത് തൊഴിലാളികളില്‍ നിന്ന് നിര്‍ബന്ധിച്ച് വാടക പിരിക്കരുതെന്നായിരുന്നു നിര്‍ദ്ദേശം.
തൊഴിലാളികളോടും വിദ്യാര്‍ത്ഥികളോടും വാട നല്‍കാന്‍ നിര്‍ബന്ധിക്കുകയും കെട്ടിടം ഒഴിഞ്ഞ് പോകണമെന്ന് പോകണമെന്ന് ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി. ദില്ലിയിലെ മുഖര്‍ജി നഗര്‍ പൊലീസ് സ്റ്റേഷനിലാണ് ഇത്തരത്തില്‍ നിരവധി പരാതി ഉയര്‍ന്നിരിക്കുന്നത്. പേയിംഗ് ഗസ്റ്റുകളായും ഹോസ്റ്റലുകളിലും മറ്റും വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ഥികളാണ് ഈ മേഖലയില്‍ കൂടുതലായി ഉള്ളത്. മഹാമാരി സമയത്ത്ത വീടുകളിലേക്ക് പോലും മടങ്ങാനാവാതെ കുടുങ്ങിയ വിദ്യാര്‍ഥികളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും വാടക ആവശ്യപ്പെട്ട് നിരന്തരമായി ശല്യപ്പെടുത്തുകയും ചെയ്തതോടെയാണ് നടപടി. ഒന്‍പത് എഫ്ഐആര്‍ ആണ് പരാതികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സര്‍ക്കാര്‍ ജോലി തടസപ്പെടുത്തിയെന്ന വകുപ്പാണ് കെട്ടിട ഉടമകള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പിഴയും തടവും കിട്ടാവുന്ന കുറ്റമാണ് ഇതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇക്കാര്യത്തില്‍ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. മഹാമാരിക്കിടെ വാടകയ്ക്കായി താമസക്കാരെ നിര്‍ബന്ധിക്കുകയും ഒഴിഞ്ഞ് പോവുകയും ചെയ്യണമെന്ന് ഭീഷണിപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam