ഒറ്റ ദിവസം കൊണ്ട് 1859 പേർക്ക് പിഴ; ഡെലിവറി റൈഡർമാരുടെ നിയമലംഘനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ബംഗളുരു പൊലീസ്

Published : Mar 03, 2025, 01:46 PM IST
ഒറ്റ ദിവസം കൊണ്ട് 1859 പേർക്ക് പിഴ; ഡെലിവറി റൈഡർമാരുടെ നിയമലംഘനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ബംഗളുരു പൊലീസ്

Synopsis

ലൈസൻസും രജിസ്ട്രേഷനും ആവശ്യമില്ലാത്ത ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കുന്നവരാണ് നിയമ ലംഘനങ്ങളുടെ പേരിൽ കുടുങ്ങിയവരിൽ ഭൂരിഭാഗവുമെന്ന് ബംഗളൂരു ട്രാഫിക് പൊലീസ് അറിയിച്ചു.

ബംഗളുരു: ഭക്ഷണ വിതരണം ഉൾപ്പെടെയുള്ള ഇ-കൊമേഴ്സ് കമ്പനികളുടെ ഡെലിവറി ജീവനക്കാരെ ലക്ഷ്യമിട്ട് ബംഗളുരു പൊലീസ്. ഇവരുടെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കാൻ ഉദ്യോഗസ്ഥർ തുനിഞ്ഞിറങ്ങിയപ്പോൾ ഒറ്റ ദിവസം കൊണ്ട് പിഴ ലഭിച്ചത് 1859 പേർക്ക്. ആകെ 9.6 ലക്ഷം രൂപ ഇങ്ങനെ പിഴ ഈടാക്കിയെന്ന് ബംഗളുരു ട്രാഫിക് പൊലീസ് അറിയിച്ചു. 

റോഡുകൾ സുരക്ഷിതമാക്കുന്നതിനും ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിശോധന. ഇ-കൊമേഴ്സ് ഡെലിവറി വാഹനങ്ങളുടെ നിയമ ലംഘനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു ഇതെന്ന് പൊലീസ് പറഞ്ഞു. ഇലക്ട്രിക് സ്കൂട്ടറുകളാണ് പിടിയിലായവയിൽ അധികവും. ഇവയിൽ തന്നെ റോഡിലിറക്കാൻ രജിസ്ട്രേഷനും ലൈസൻസും ആവശ്യമില്ലാത്ത മൈക്രോ മൊബിലിറ്റി വാഹനങ്ങളുടെ നിയമ ലംഘനങ്ങളാണ് കൂടുതലും കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവ ഓടിക്കുന്നവർക്ക് ഗതാഗത നിയമങ്ങളെക്കുറിച്ച് ഒരു ധാരണയും ഇല്ലാത്ത സാഹചര്യമുണ്ടെന്നാണ് കണ്ടെത്തൽ. രജിസ്ട്രേഷനും ലൈസൻസും വേണ്ടാത്ത ഈ വാഹനങ്ങൾ ഓടിക്കുന്നവർക്ക് ഹെൽമറ്റും ആവശ്യമില്ല.

പിടിയിലായവരിൽ 79 പേർക്ക് ഫൂട്ട്പാത്തുകളിലൂടെ വാഹനം ഓടിച്ചതിനും 389 പേർക്ക് നോ എൻട്രി നിയമം തെറ്റിച്ചതിനുമാണ് പിഴ ലഭിച്ചത്. 354 പേരെ വൺ വേ തെറ്റിച്ച് വിപരീത ദിശയിൽ വാഹനം ഓടിച്ചതിന് പിടികൂടി. 209 പേർക്ക് സിഗ്നൽ തെറ്റിച്ച് നീങ്ങിയതിനാണ് പിഴ കിട്ടിയത്. ഹെൽമറ്റ് ധരിക്കാതെ പിടിയിലായവർ 582 പേരും അനധികൃത പാർക്കിങിന് പിഴ കിട്ടിയത് 98 പേർക്കുമാണ്. ഗതാഗത തടസ്സമുണ്ടാക്കിയതിന് 148 പേർക്ക് ട്രാഫിക് പൊലീസ് പിഴ ചുമത്തി. നിയമങ്ങളെ സംബന്ധിച്ച് ധാരണയില്ലായിരുന്നു എന്നായിരുന്നത്രെ പിടിയിലായവരിൽ ഭൂരിഭാഗം പേരുടെയും മറുപടി. ഇവർക്ക് അര മണിക്കൂർ നീളുന്ന ബോധവത്കരണം നൽകുമെന്നും പൊലീസ് പറയുന്നു. 

ഏത് തരം വാഹനങ്ങളാണെന്നത് പരിഗണിക്കാതെ കർശനമായ നടപടികൾ നിയമലംഘകർക്കെതിരെ സ്വീകരിക്കുമെന്ന് ബംഗളുരു ട്രാഫിക് പൊലീസ് അറിയിച്ചിട്ടുണ്ട്. ഡ്രൈവിങ് ലൈസൻസ് വേണ്ടാത്ത വാഹനം ഓടിക്കുന്നവർക്ക് വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാൽ അവർക്ക് നിയമങ്ങളെക്കുറിച്ച് ധാരണയില്ലെന്ന് പൊലീസ് കണ്ടെത്തി. ഇത്തരം ചെറിയ വാഹനങ്ങൾ ഫൂട്ട്പാത്തുകളിൽ ഓടിക്കാമെന്നും കാൽനട യാത്രക്കാരെ പോലെ വൺ വേ തെറ്റിച്ച് പോവുന്നതിൽ പ്രശ്നമില്ലെന്നുമൊക്കെയാണ് പലരുടെയും ധാരണ. തോന്നിയ പോലെ റോഡിൽ ക്രോസ് ചെയ്യാറുമുണ്ട്. ഇവർക്കെല്ലാം വേണ്ട പരിശീലനം നൽകാനാണ് പൊലീസിന്റെ തീരുമാനം. പിഴ അടയ്ക്കാൻ കൈയിൽ പണമില്ലാതിരുന്ന 794 വാഹനങ്ങൾക്ക് നോട്ടീസ് നൽകി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
വർഷം മുഴുവൻ ടിക്കറ്റ് നിരക്കിന് പരിധി ഏർപ്പെടുത്താനാവില്ല, സീസണിലെ വർദ്ധനവ് തിരക്ക് നിയന്ത്രിക്കാൻ; വ്യോമയാന മന്ത്രി