ആംബുലന്‍സ് നിഷേധിച്ചു; കാല്‍നടയായി വീട്ടിലെത്തിക്കുന്നതിനിടെ പിഞ്ചുകുഞ്ഞ് മരിച്ചു

By Web TeamFirst Published May 28, 2019, 9:45 AM IST
Highlights

കുട്ടിയെ വിദഗ്ധ ചികിത്സക്ക് കൊണ്ടുപോകാനായി ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ ആശുപത്രി അധികൃതര്‍ നിരസിച്ചെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

ഷാജഹാന്‍പുര്(ഉത്തര്‍പ്രദേശ്)‍: ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം ചുമന്ന് അമ്മ. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അമ്മയുടെ കൈയ്യില്‍ കിടന്നാണ് പിഞ്ചുകുഞ്ഞ് അന്ത്യശ്വാസം വലിച്ചത്. കടുത്ത പനിയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, വിദഗ്ധ ചികിത്സക്കായി ഡോക്ടര്‍മാര്‍ മറ്റ് ആശുപത്രിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. കുട്ടിയെ കൊണ്ടുപോകാനായി ആംബുലന്‍സ് ആവശ്യപ്പെട്ടപ്പോള്‍ ആശുപത്രി അധികൃതര്‍ നിരസിച്ചെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

മൂന്ന് ആംബുലന്‍സുകള്‍ ആശുപത്രി പരിസരത്ത് നിര്‍ത്തിയിട്ടിരുന്നു. എന്നാല്‍, കുട്ടിയെ കൊണ്ടുപോകാന്‍ ആംബുലന്‍സ് ഇല്ലെന്നാണ് അവര്‍ പറഞ്ഞത്. കുട്ടിയുടെ പിതാവ് ആരോപിച്ചു. സ്വകാര്യ വാഹനത്തില്‍ കൊണ്ടുപോകാന്‍ ഇവരുടെ കൈയ്യില്‍ പണമുണ്ടായിരുന്നില്ല. ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് കുട്ടിയെയുമെടുത്ത് വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് മരിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. 

അതേസമയം, മാതാപിതാക്കളുടെ ആരോപണം ആശുപത്രി അധികൃതര്‍ തള്ളി. കുട്ടിയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ആരോഗ്യനില പരിതാപകരമായിരുന്നു. കുട്ടിയെ ലഖ്നൗ സ്പെഷ്യല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. തങ്ങള്‍ക്കിഷ്ടമുള്ള ആശുപത്രിയില്‍ കുട്ടിയെ ചികിത്സിക്കാമെന്ന് പറഞ്ഞ് അവര്‍ കുട്ടിയെ കൊണ്ടുപോയെന്ന് എമര്‍ജന്‍സി മെഡിക്കല്‍ ഓഫിസര്‍ അനുരാഗ് പരാശര്‍ പറഞ്ഞു. അഫ്രോസ് എന്ന കുട്ടിയാണ് മരിച്ചത്.

click me!