ഇനി 'മഹാരാഷ്ട്രയുടെ സേവകന്‍'; ട്വിറ്ററില്‍ ഔദ്യോഗിക പദവി തിരുത്തി ഫഡ്നാവിസ്

By Web TeamFirst Published Nov 13, 2019, 5:40 PM IST
Highlights

ട്വിറ്ററില്‍ പദവി തിരുത്തി ദേവേന്ദ്ര ഫഡ്നാവിസ്. മുഖ്യമന്ത്രിസ്ഥാനം രാജി വെച്ചതിന് പിന്നാലെയാണിത്. മഹാരാഷ്ട്രയുടെ സേവകന്‍ എന്ന് സ്വയം വിശേഷിപ്പിച്ചാണ് ഫഡ്നാവിസ് ട്വിറ്റര്‍ അക്കൗണ്ടില്‍ പദവി തിരുത്തിയത്. 

മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രിസ്ഥാനം രാജി വെച്ചതിന് പിന്നാലെ ട്വിറ്ററില്‍ ഔദ്യോഗിക പദവി തിരുത്തി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം രണ്ടാം തവണയാണ് ഫഡ്നാവിസ് ട്വിറ്റര്‍ അക്കൗണ്ടില്‍ തിരുത്ത് വരുത്തുന്നത്. മഹാരാഷ്ട്രയുടെ  സേവകന്‍ എന്ന് സ്വയം വിശേഷിപ്പിച്ചാണ് ഫഡ്നാവിസ് ട്വിറ്റര്‍ അക്കൗണ്ട് അപ്ഡേറ്റ് ചെയ്തത്.

ചൊവ്വാഴ്ചയാണ് മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഒരു കക്ഷിയും മുന്നണിയും സർക്കാർ രൂപീകരിക്കാൻ കഴിയുന്ന നിലയിലല്ലെന്ന് കാണിച്ചാണ് ഗവർണർ ഭഗത് സിംഗ് കൊഷിയാരി രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തത്. ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തുവന്ന ശിവസേന, ഗവർണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മൂന്ന് രാഷ്ട്രീയപാർട്ടികളെ, അതായത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി, രണ്ടാമത്തെ വലിയ കക്ഷി ശിവസേന, മൂന്നാമത്തെ വലിയ കക്ഷി എൻസിപി എന്നിവരെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചെന്നും എന്നാൽ ആർക്കും ഭരണത്തിലേറാനുള്ള അംഗബലമില്ലെന്നും കാണിച്ചാണ് ഗവർണർ കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകിയത്. 

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 105 സീറ്റുകളാണ് കിട്ടിയത്. സേനയ്ക്ക് 56 സീറ്റുകൾ. 288 അംഗങ്ങളുള്ള നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണം. കോൺഗ്രസിന് കിട്ടിയത് 44 സീറ്റുകളാണ്. എൻസിപിക്ക് 54 സീറ്റുകളുണ്ട്. ബഹുജൻ വികാസ് ആഖഡിയ്ക്ക് 3 സീറ്റ് കിട്ടി. മജ്‍ലിസ് ഇ-ഇത്തിഹാദുൽ മുസ്ലിമീൻ, പ്രഹർ ജനശക്തി പാർട്ടി, സമാജ്‍വാദി പാർട്ടി എന്നിവർക്ക് 2 സീറ്റുകൾ വീതം കിട്ടി. 13 സ്വതന്ത്രർ ജയിച്ചിട്ടുണ്ട്. സിപിഎമ്മടക്കം ഏഴ് പാർട്ടികൾക്ക് ഓരോ സീറ്റ് വീതവും കിട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വിഹിതം ഇടിഞ്ഞതാണ് ബിജെപിയ്ക്ക് ക്ഷീണമായത്.

2014-ൽ ബിജെപിക്ക് 47 ലക്ഷം വോട്ടുകളും 122 സീറ്റും കിട്ടിയെങ്കിൽ ഇത്തവണ 41 ലക്ഷം വോട്ടുകളും 105 സീറ്റുകളായി ഇ‍ടിഞ്ഞു. സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയോടൊപ്പം ചേരണമെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കണമെന്ന ശിവസേനയുടെ 50:50 ഫോര്‍മുല അംഗീകരിക്കാന്‍ ബിജെപി തയ്യാറാകാത്തതാണ് സംസ്ഥാനത്ത് പ്രതിസന്ധിക്ക് കാരണമായത്. 


 

click me!