ഗുജറാത്ത് വ്യാജഏറ്റുമുട്ടല്‍ കൊലക്കേസ്: കുറ്റവിമുക്തനാക്കിയ ഡി ജി വന്‍സാരയ്ക്ക് വിരമിച്ച ശേഷം സ്ഥാനക്കയറ്റം

By Web TeamFirst Published Feb 27, 2020, 9:35 AM IST
Highlights

ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസുകളില്‍ കുറ്റവിമുക്തനാക്കിയ മുന്‍ ഐപിഎസ് ഓഫീസര്‍ ഡി ജി വന്‍സാരക്ക് വിരമിച്ച ശേഷം സ്ഥാനക്കയറ്റം.

ദില്ലി: ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസുകളില്‍ കുറ്റവിമുക്തനാക്കിയ മുന്‍ ഐപിഎസ് ഓഫീസര്‍ ഡി ജി വന്‍സാരക്ക് വിരമിച്ച ശേഷം സ്ഥാനക്കയറ്റം നല്‍കി ഗുജറാത്ത് സര്‍ക്കാര്‍. വിരമിച്ച് ആറു വര്‍ഷം കഴിഞ്ഞപ്പോഴാണ് ഐജിയായി വന്‍സാരയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയത്.  

രണ്ടു കേസുകളിലും വന്‍സാരയെ വെറുതെ വിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ തടഞ്ഞു വെച്ച ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ അനുവദിച്ചത്. ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡിന്‍റെ തലവനായിരുന്നു വന്‍സാര. ഡി ഐ ജി ആയിരിക്കെ ഗുജറാത്തില്‍ നടന്ന ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റമുട്ടല്‍ കേസില്‍ വന്‍സാര പ്രതിയായിരുന്നു. 

1987 ബാച്ചിലെ ഐപിഎസ് ഓഫീസറായ വന്‍സാര 2014 മെയ് 31നാണ് ഡിഐജിയായി വിരമിച്ചത്. 2007  ഏപ്രിലില്‍ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റമുട്ടല്‍ കേസില്‍ വന്‍സാരയെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്ന് സംസ്ഥാന ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷാ ആയിരുന്നു കേസില്‍ കൂട്ടുപ്രതി. പിന്നീട് ജയിലിലായിരിക്കുമ്പോള്‍ 2013ല്‍ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റമുട്ടല്‍ കേസിലും വന്‍സാരയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് 2015 ഫെബ്രുവരിയില്‍ ജാമ്യം ലഭിച്ചു. 2017ലും 2019ലും രണ്ടു കേസുകളിലുമായി കോടതി വന്‍സാരയെ വെറുതെ വിട്ടു. ഈ സാഹചര്യത്തിലാണ് ആനുകൂല്യങ്ങളെല്ലാം അനുവദിച്ചത്. സസ്പെന്‍ഷന്‍ മുതലുള്ള കാലയളവ് പരിഗണിച്ചാണ് വന്‍സാരയ്ക്ക് സ്ഥാനക്കയറ്റം നല്‍കിയത്.  

Read More: ദില്ലിയില്‍ കലാപം നിയന്ത്രിക്കാൻ ഇടപെടണം, കോണ്‍ഗ്രസ് സംഘം ഇന്ന് രാഷ്ട്രപതിയെ കാണും

click me!