
ദില്ലി: ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ ഇന്നലെയും ഇന്നുമായി റദ്ദാക്കിയതിൽ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. 150 സർവ്വീസുകളാണ് ഇൻഡിഗോ മാത്രം റദ്ദാക്കിയത്. സാങ്കേതിക വിഷയങ്ങൾ കാരണമെന്നാണ് വിശദീകരണം. ജീവനക്കാരുടെ കുറവ് കാരണമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ചെക്കിൻ സോഫ്റ്റ്‍വെയർ തകരാർ ഇന്നലെ രാത്രി എയർ ഇന്ത്യ വിമാന സർവ്വീസുകളെ ബാധിച്ചിരുന്നു. ദില്ലിയിൽ മാത്രം ഇൻഡിഗോയുടെ 67 വിമാനങ്ങളാണ് റദ്ദാക്കിയത്. ബാംഗ്ലൂരിൽ നിന്നുള്ള 32 വിമാനങ്ങളും മുംബൈയിൽ നിന്നുള്ള 22 വിമാനങ്ങളും റദ്ദാക്കിയിരുന്നു. എയര്‍ ഇന്ത്യയുടെ വിമാനങ്ങളും വൈകി സര്‍വീസ് നടത്തുകയും റദ്ദാക്കുകയും ചെയ്തിരുന്നു. ഇൻഡിഗോയെ ബാധിച്ചത് സാങ്കേതിക പ്രശ്നങ്ങളാണെന്നാണ് കമ്പനി വ്യക്തമാക്കിയത്. പെട്ടെന്ന് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണെന്നും അറിയിച്ചിരുന്നു. ഏത് തരത്തിലുള്ള സാങ്കേതിക പ്രശ്നമാണ് ഉണ്ടായത് എന്നാണ് ഡിജിസിഎ അന്വേഷണത്തിലൂടെ കണ്ടെത്താൻ ശ്രമിക്കുന്നത്.