വിമാനത്തിലെ എമർജൻസി വാതിൽ യാത്രക്കാരൻ തുറന്നു; ഡിജിസിഎ അന്വേഷണം തുടങ്ങി

By Web TeamFirst Published Jan 17, 2023, 2:59 PM IST
Highlights

വാതിൽ തുറന്നത് ബിജെപിയുടെ യുവ എംപി തേജസ്വി സൂര്യയെന്ന് റിപ്പോർട്ട്

ദില്ലി: ഇന്റിഗോ വിമാനത്തിലെ എമർജൻസി വാതിൽ യാത്രക്കാരൻ തുറന്ന സംഭവത്തിൽ അന്വേഷണം. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഡിസംബർ 10 നാണ് സംഭവം നടന്നത്.  ചെന്നൈ - തിരുച്ചിറപ്പള്ളി വിമാനത്തിൽ ആയിരുന്നു സംഭവം. ബിജെപി എംപി തേജസ്വി സൂര്യയാണ് എമർജൻസി വാതിൽ തുറന്നതെന്ന് റിപ്പോർട്ടുകളുണ്ട്. തേജസ്വി സൂര്യയും തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈയുമായിരുന്നു എമർജൻസി വാതിലിന് അടുത്തിരുന്നതെന്നാണ് റിപ്പോർട്ടുകൾ. അബദ്ധത്തിൽ സംഭവിച്ചതാണെന്ന് തേജസ്വി സൂര്യ ഇന്റിഗോ വിമാനക്കമ്പനിക്ക് എഴുതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. ഏത് യാത്രക്കാരനാണ് എമർജൻസി വാതിൽ തുറന്നതെന്ന് ഡിജിസിഎ വ്യക്തമാക്കിയിട്ടില്ല. 

രാവിലെ പത്ത് മണിക്ക് പുറപ്പെടേണ്ട ഇൻഡിഗോ വിമാനത്തിലാണ് സംഭവം ഉണ്ടായത്.  വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിന് തൊട്ട് മുന്‍പ് യാത്രക്കാരില്‍ ഒരാൾ എമ‍ർജന്‍സി വാതില്‍ തുറക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെയെല്ലാം പുറത്തിറക്കി രണ്ടര മണിക്കൂറോളം വിമാനം സുരക്ഷ പരിശോധനക്ക് വിധേയമാക്കി. ഈ വിഷയത്തിലാണ് ഒരു മാസത്തിന് ശേഷം ഡിജിസിഎ അന്വേഷണം പ്രഖ്യാപിക്കുന്നത്.

അടിയന്തര സാഹചര്യത്തില്‍ തുറക്കേണ്ട വാതിലിനെ കുറിച്ച് എയര്‍ഹോസ്റ്റസ് അതിന് തൊട്ടടുത്തിരുന്ന തേജസ്വി സൂര്യയോട് വിശദീകരിച്ചു. പിന്നാലെയാണ് എമർജൻസി വാതില്‍ തുറന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഖേദം പ്രകടിപ്പിച്ച എംപി, തന്റെ ഭാഗത്ത് നിന്ന് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് ഇൻഡിഗോയ്ക്ക് എഴുതി നല്‍കിയതായും സഹയാത്രക്കാരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ തേജസ്വി സൂര്യയാണോ എമ‍ർജൻസി വാതില്‍ തുറന്നതെന്ന് ഡിജിസിഎയോ ഇൻഡിഗോയോ വെളിപ്പെടുത്തിയിട്ടില്ല. വിഷയത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ്, സംഭവം യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്നതാണെന്ന് പറഞ്ഞു.

click me!