പ്രമേഹരോഗിയായ തബ്‍ലീഗ് പ്രവര്‍ത്തകന്‍ നിരീക്ഷണകേന്ദ്രത്തില്‍ മരിച്ചു

By Web TeamFirst Published Apr 23, 2020, 12:35 PM IST
Highlights

പ്രമേഹരോഗിയായ അറുപതുകാരന് ആവശ്യമുള്ള ചികിത്സകള്‍  നല്‍കിയില്ലെന്നാണ് നിരീക്ഷകേന്ദ്രത്തില്‍ ഒപ്പമുള്ള ഒരുസംഘം ആളുകളുടെ ആരോപണമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, അധികൃതര്‍ ഈ ആരോപണം തള്ളി.

ദില്ലി: നിസാമുദ്ദീനില്‍ നടന്ന തബ്‍ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത് കൊവിഡ് നിരീക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന അറുപതുകാരന്‍ മരിച്ചു. ദില്ലിയിലെ സുല്‍ത്താന്‍ പുരിയിലുള്ള ഐസോലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചയാളാണ് മരിച്ചത്. പ്രമേഹരോഗിയായ അറുപതുകാരന് ആവശ്യമുള്ള ചികിത്സകള്‍  നല്‍കിയില്ലെന്നാണ് നിരീക്ഷകേന്ദ്രത്തില്‍ ഒപ്പമുള്ള ഒരുസംഘം ആളുകളുടെ ആരോപണമെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍, അധികൃതര്‍ ഈ ആരോപണം തള്ളി. മരിച്ചയാള്‍ തനിക്ക് പ്രമേഹമുള്ള കാര്യം അറിയിച്ചിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. നിരീക്ഷണകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നയാളുടെ മറ്റ് രോഗങ്ങളെ കുറിച്ച് ചോദിച്ച് മനസിലാക്കാറുണ്ട്. എന്നാല്‍, മരിച്ചയാള്‍ പ്രമേഹമുണ്ടെന്ന് പറഞ്ഞിരുന്നില്ലെന്ന് അധികൃതര്‍ പറയുന്നു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. രാജീവ് ഗാന്ധി ആശുപത്രിയില്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനായ ശേഷം തിങ്കളാഴ്ചയാണ് ഇയാളെ നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ട് വന്നത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ട ഇയാളെ കേന്ദ്രത്തിലുള്ള ഡോക്ടര്‍മാര്‍ പരിശോധിച്ചു.

എന്നാല്‍, പത്ത് മണിയോടെ സ്ഥിതി വഷളാവുകയും ആശുപത്രിയിലേക്ക് കൊണ്ട് പോകും മുമ്പ് മരണപ്പെടുകയുമായിരുന്നു. ഇതോടെ ആളുകള്‍ കൂട്ടംകൂടുകയും എതിര്‍പ്പുകള്‍ ഉന്നയിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് ഇടപെട്ടാണ് മൃതദേഹം നിരീക്ഷണകേന്ദ്രത്തില്‍ നിന്ന് മാറ്റിയത്. തമിഴ്നാട് സ്വദേശിയാണ് മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഇയാളുടെ കൊവിഡ് പരിശോധനാഫലം വന്നിട്ടില്ല.

click me!