
ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങൾ ഇന്ത്യ തടഞ്ഞതെങ്ങനെ? ഈ ആക്രമണങ്ങൾക്കെല്ലാം മറുപടി, അല്ലെങ്കിൽ ഇന്ത്യയെ ഒരു കവചം പോലെ സംരക്ഷിക്കാൻ പോന്ന ഒരു സംവിധാനമുണ്ട് ഇന്ത്യക്ക്. റഷ്യൻ നിർമ്മിത എസ്-400 മിസൈൽ പ്രതിരോധ സംവിധാനമാണ് കഴിഞ്ഞ രാത്രിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമങ്ങളെയെല്ലാം തകര്‍ത്തത് ഈ സംവിധാനത്തിന്റെ കൂടി സഹായത്തിലാണ്.
പാകിസ്ഥാനിലെ നാല് ഭീകര ക്യാമ്പുകളിലും പാക് അധീനതയിലുള്ള കശ്മീരിലെ അഞ്ച് ക്യാമ്പുകളിലും ഇന്ത്യൻ സായുധ സേന കൃത്യമായ ആക്രമണം നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ സൈനിക നടപടിക്ക് ശ്രമിച്ചത്. ഇന്ത്യ ഉപയോഗിച്ച എസ് 400 മിസൈൽ പ്രതിരോധ സംവിധാനം ലോകത്തിലെ ഏറ്റവും മാരകമായ ഉപരിതലത്തിൽ നിന്ന് തൊടുക്കുന്ന മിസൈലുകളെ പോലും പ്രതിരോധിക്കുന്ന ഒന്നാണ്.
എസ്-400 മിസൈൽ പ്രതിരോധ സംവിധാനത്തെക്കുറിച്ചുള്ള 5 പ്രധാന വിവരങ്ങൾ
1- എസ്-400 മിസൈൽ പ്രതിരോധ സംവിധാനം ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണ്. 2014 ൽ ചൈനയാണ് ആദ്യമായി ഈ മിസൈൽ സംവിധാനം വാങ്ങിയത്.
2- എസ് 400-ന് മിസൈൽ വിക്ഷേപണ യൂണിറ്റുകൾ, ശക്തമായ റഡാർ, ഒരു കമാൻഡ് സെന്റർ എന്നിങ്ങനെ മൂന്ന് ഘടകങ്ങളുണ്ട്. ഇതിന് വിമാനങ്ങൾ, ക്രൂയിസ് മിസൈലുകൾ, അതിവേഗത്തിൽ സഞ്ചരിക്കുന്ന ഇടത്തരം ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെപ്പോലും തകർക്കാൻ കഴിയും.
3- എസ്-400 ന്റെ വലിയ ദൂരപരിധി കാരണം നാറ്റോ അംഗങ്ങൾ ഇതിനെ ഒരു പ്രധാന ഭീഷണിയായി കണക്കാക്കുന്നു.
4- എസ്-400 ന് മിക്കവാറും എല്ലാ തരം ആധുനിക യുദ്ധവിമാനങ്ങളെയും നേരിടാൻ കഴിയും. ഇതിന്റെ റഡാറിന് 600 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യങ്ങളെ കണ്ടെത്താനാകും.
5- 2018 ഒക്ടോബറിൽ ഇന്ത്യ അഞ്ച് എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ വാങ്ങാൻ റഷ്യയുമായി 5 ബില്യൺ ഡോളറിന്റെ കരാർ ഒപ്പുവച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam