
ദില്ലി: കാർഷിക രംഗം നേരിടുന്ന വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ ഉൾപ്പെടെ കാർഷിക മേഖലയിലെ പ്രശ്നങ്ങൾ എൻ സി ഇ ആർ ടി യുടെ എല്ലാ തലങ്ങളിലെയും ശാസ്ത്ര പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്രസഹമന്ത്രി ഡോ സുഭാഷ്. കാര്യങ്ങൾ മനസ്സിലാക്കാൻ വിവിധ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഉണ്ടാകുന്ന കഴിവ് അടിസ്ഥാനമാക്കിയാണ് ഇത് ചെയ്തിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി രാജ്യ സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലൂടെ അറിയിച്ചു.
കാർഷിക മേഖലയിലെ പ്രശ്നങ്ങൾ, ആശങ്കകൾ എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ എൻ സി ഇ ആർ ടി യുടെ 6 മുതൽ 10 വരെയുള്ള ശാസ്ത്ര പുസ്തകങ്ങളിലും 11, 12 ക്ലാസുകളിലെ ജീവശാസ്ത്ര പുസ്തകങ്ങളിലും വിവിധ പാഠങ്ങളിൽ ആയി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കാർഷികരംഗം നേരിടുന്ന വെല്ലുവിളികൾ എൻ സി ഇ ആർ ടി യുടെ പന്ത്രണ്ടാം ക്ലാസിലെ ഭൗമശാസ്ത്ര പുസ്തകത്തിലും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രസഹമന്ത്രിയുടെ മറുപടിയിൽ പറയുന്നു.
ഈ പഠന പുസ്തകങ്ങളെല്ലാം കൃത്യമായ ഇടവേളകളിൽ പരിഷ്കരിക്കുന്നുണ്ട്. കൂടാതെ, 9 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് കൃഷിയും, 11,12 ക്ലാസുകളിലെ വിദ്യാർഥികൾക്കായി പഴം പച്ചക്കറി കൃഷി എന്നതും ഒരു നൈപുണ്യ വിഷയമായി സി ബി എസ് സി ലഭ്യമാക്കുന്നു. കാർഷികമേഖലയിൽ ഭരണകൂടം സ്വീകരിക്കുന്ന മുന്നേറ്റങ്ങൾ സംബന്ധിച്ച് 'ഫാർമേഴ്‌സ് പോർട്ടൽ ഓഫ് ഇന്ത്യ', 'സുസ്ഥിര വികസനത്തിനായുള്ള ദേശീയ ദൗത്യം' എന്നിവ വഴി വിദ്യാർഥികൾക്ക് അവബോധം ലഭിക്കുന്നുവെന്നും കേന്ദ്രസഹമന്ത്രിയുടെ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam