
ലഖ്നൗ: ഹെൽമറ്റ് ധരിച്ച് ഓഫീസിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുകയാണ്. ഉത്തർപ്രദേശിലെ ബാന്തയിലെ വൈദ്യുതി വകുപ്പിലെ ജീവനക്കാരാണ് ഹെൽമറ്റ് ധരിച്ച് ജോലി ചെയ്യുന്നത്. ഇടിഞ്ഞ് വീഴാറായ കെട്ടിടത്തിൽ ജോലി ചെയ്യുന്നത് തീരെ സുരക്ഷിതമല്ലെന്ന് കാണിച്ചുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ജീവനക്കാർ ഹെൽമറ്റ് ധരിച്ചെത്തിയത്.
ദേശീയ വാർത്ത ഏജൻസിയായ എഎൻഐ ആണ് തകർന്ന കെട്ടിടത്തിനകത്ത് ഹെൽമറ്റ് ധരിച്ച് ജോലി ചെയ്യുന്ന ജീവനക്കാരുടെ ദൃശ്യങ്ങൾ പങ്കുവച്ചത്. ജോലിക്കിടെ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിന്റെ ഭാഗങ്ങൾ അടർന്നു വീഴ്ന്നുണ്ടാകുന്ന അപകടത്തിൽ നിന്ന് സ്വയം രക്ഷപ്പെടുന്നതിനായാണ് ജീവനക്കാർ ഹെൽമറ്റ് ധരിച്ചെത്തുന്നതെന്നായിരുന്നു ദൃശ്യങ്ങൾ പങ്കുവച്ചുക്കൊണ്ട് എഎൻഐ ട്വീറ്റ് ചെയ്തത്.
കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ദൃശ്യങ്ങളിൽ വ്യക്തമാണ്. മേൽക്കൂര പിളർന്നിരിക്കുകയാണ്. അടുക്കും ചിട്ടയുമില്ലാതെയാണ് ഓഫീസുള്ളത്. അവശ്യമായ മേശയെ കസേരകളോ ഒന്നും തന്നെ ഓഫീസിലില്ല. രേഖകളെല്ലാം കാർഡ് ബോർഡ് ബോക്സിൽ അടുക്കിവച്ച നിലയിലാണുള്ളത്. കഴിഞ്ഞ രണ്ടുവർഷമായി കെട്ടിടത്തിന്റെ അവസ്ഥ ഇങ്ങനെയാണെന്ന് ജീവനക്കാർ പറയുന്നു.
കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ജീവനക്കാർ ആരോപിച്ചു. നിരവധി തവണ പരാതി നൽകിയിട്ടും കെട്ടിടം മാറ്റി പണിയാനോ അറ്റകുറ്റപ്പണി നടത്താനോ അധികൃതർ വേണ്ട നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ജീവനക്കാർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam