
ദില്ലി: കർഷക പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ആയിരക്കണക്കിന് പേരിൽ ഒരാളാണ് 72കാരനായ ഭീം സിംഗ്. അദ്ദേഹത്തിന്റെ മകൻ സൈന്യത്തിലാണ്, ഇപ്പോൾ അതിർത്തിയിൽ രാജ്യത്തിനായി കാവൽ നിൽക്കുന്നു, എന്നിട്ടും താൻ അടക്കമുള്ളവരെ ഖലിസ്ഥാൻ ഭീകരരെന്നാണ് വിളിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വേദനയോടെ പറയുകയാണ് ഈ വൃദ്ധൻ. 'എന്റെ മകൻ രാജ്യാതിർത്തിയിൽ കാവൽനിൽക്കുകയാണ്. എന്നാൽ സ്വന്തം ശബ്ദമുയർത്തിയതിന് അവന്റെ അച്ഛനെ കാണുന്നത് ഭീകരവാദിയെപ്പോലെയാണ്'-ഭീം സിംഗ് പറഞ്ഞു. പൊലീസ് ബാരിക്കേഡുകളും ജലപീരങ്കികളും കണ്ണീർ വാതക, ലാത്തി പ്രയോഗങ്ങളും അതിജീവിച്ച് രാജ്യതലസ്ഥാനത്ത് എത്തിയിരിക്കുകയാണ് ഭീം സിംഗ് അടക്കമുള്ള നൂറ് കണക്കിന് പേർ.
'എന്റെ മകൻ മാത്രമല്ല, എന്റെ ബന്ധുക്കളും ഇന്ത്യൻ സൈന്യത്തിലാണ്. എന്നാൽ സർക്കാർ കൊണ്ടുവന്ന മൂന്ന് കർഷക നിയമം കാരണം അവരുടെയെല്ലാം കുടുംബങ്ങളും കടത്തിലും ദാരിദ്ര്യത്തിലുമാണ്' - ഭീം സിംഗ് കൂട്ടിച്ചേർത്തു. കരിമ്പ്, ബാർലി, ഗോതമ്പ് എന്നിവ കൃഷിചെയ്യുകയാണ് ഭീം സിംഗും കുടുംബവും. കഴിഞ്ഞ 14 മാസമായി കൃഷി ചെയ്തെടുത്ത വിളവൊന്നുപോലും വിൽക്കാനായിട്ടില്ലെന്നും ഇതിനെല്ലം കാരണം കോർപ്പറേറ്റ് ഫാം ബിൽ ആണെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങൾ നാല് സഹോദരങ്ങളും ഓരോ മക്കളെ രാജ്യസേവനത്തിന് അയച്ചിരിക്കുകയാണ്. ഞങ്ങൾ രാജ്യത്തിന്റെ ആഹാരത്തിനായി പയറും ഗോതമ്പും ഒക്കെ കൃഷി ചെയ്യുന്നു, പക്ഷേ ഇന്ന് ഞങ്ങളെ കുറ്റവാളികളെപ്പോലെ ഈ മൈതാനത്ത് പൂട്ടിയിട്ടിരിക്കുകയാണ്. കേന്ദ്രസർക്കാർ ഞങ്ങളെ ഭീകരവാദികളെന്നാണ് വിളിക്കുന്നത്. കേന്ദ്രസർക്കാർ കാർഷിക നിയമം പിൻവലിച്ചില്ലെങ്കിൽ ഈ റോഡിൽ ഞങ്ങൾക്ക് പിന്തുണയുമായി ഞങ്ങളുടെ ഭാര്യമാരും മക്കളും പേരക്കുട്ടികളും എല്ലാവരും എത്തും. പൊതുജനത്തെ ബുദ്ധിമുട്ടിക്കുക എന്ന ഉദ്ദേശം ഞങ്ങൾക്കില്ല. രാജ്യത്തിനായി കൃഷി ചെയ്യുന്നവരുടെ ദുരിതം ജനങ്ങൾ മനസ്സിലാക്കണം. ഞങ്ങളെപ്പോലെ മിക്ക കർഷകരും കടക്കെണിയിലാണ്. ഖലിസ്ഥാനികളുടെ പിന്തുണ ഞങ്ങൾക്കില്ല ' - ഭീം സിംഗ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam