
ദില്ലി: മഹാത്മാ ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പൊലീസിൽ പരാതി. ചലച്ചിത്ര സംവിധായകൻ ലൂയിത് കുമാർ ബർമ്മനാണ് പരാതി നൽകിയത്. ഗുവാഹത്തിയിലെ ഹാത്തി ഗൗ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. മോദിയുടെ പരാമർശം രാജ്യ നിന്ദ നിറഞ്ഞതും, ഗാന്ധിയെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് പരാതിയിൽ പറയുന്നു. അതേസമയം, പരാതി പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സിനിമയിലൂടെയാണ് മഹാത്മാ ഗാന്ധിയെ ലോകമറിഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വാർത്താ ഏജൻസിയായ എബിപിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. 1982 ൽ റിച്ചാർഡ് ആറ്റൻബറോ ഗാന്ധിയെന്ന സിനിമ പുറത്തിറക്കുന്നത് വരെ മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അധികമൊന്നും അറിയില്ലായിരുന്നുവെന്നായിരുന്നു മോദിയുടെ പരാമർശം. അഭിമുഖത്തിലെ അഭിപ്രായ പ്രകടനത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് കോൺഗ്രസ് രംഗത്തെത്തി.
''വളരെ പ്രശസ്തനായ വ്യക്തിയായിരുന്നു മഹാത്മാ ഗാന്ധി. എന്നാല്‍ ലോകത്തിന് അദ്ദേഹത്തെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. 75 വർഷത്തിനിടെ ഗാന്ധിജിക്ക് ലോകത്തില്‍ അംഗീകാരം നേടിക്കൊടുക്കേണ്ടത് നമ്മുടെ രാജ്യത്തിന്റെ കടമയല്ലേ. മാർട്ടിൻ ലൂഥർ കിങ്ങിനെയും നെൽസൺ മണ്ഡേലയെയും അറിയുന്നത് പോലെ ഗാന്ധിയെ ലോകത്തിന് അറിയില്ല. അവരോളം മഹാനായിരുന്നു ഗാന്ധിയും. ലോകം മുഴുവൻ സഞ്ചരിച്ചതിന്റെ പരിചയം വെച്ചാണ് ഇക്കാര്യം പറയുന്നത്'' -മോദി പറഞ്ഞു.
മോദിയുടെ പ്രസ്താവനക്കെതിര കോണ്‍ഗ്രസ് രംഗത്തെത്തി. മഹാത്മാ ഗാന്ധിയുടെ പൈതൃകം നശിപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആരോപിച്ചു. എന്റയർ പൊളിറ്റിക്കൽ സയൻസ് പഠിച്ച ആൾക്കാണ് ഗാന്ധിയെ അറിയാൻ സിനിമ കാണേണ്ടി വരുന്നതെന്ന് രാഹുൽ ഗാന്ധിയും വിമർശിച്ചു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam