
ദില്ലി: ബിൽക്കിസ് ബാനു കേസിനിടെ സുപ്രീം കോടതിയിൽ മാധ്യമ സ്വാതന്ത്ര്യ വിഷയവും ചർച്ചയായി. മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ സുപ്രിം കോടതിയിൽ ജസ്റ്റിസ് കെ എം ജോസഫും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും തമ്മിലാണ് ചർച്ചയുണ്ടായത്. മാധ്യമ സ്വാതന്ത്ര്യ വിഷയത്തിൽ ആഗോളതലത്തിൽ ഇന്ത്യ 161 ാം സ്ഥാനത്താണെന്നാണ് ബിൽക്കിസ് ബാനു കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് കെ എം ജോസഫ് അഭിപ്രായപ്പെട്ടത്. എന്നാൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇതിനെ എതിർക്കുകയായിരുന്നു.
റാങ്കിംഗ് നടത്തുന്നത് ഏത് ഏജൻസി എന്നത് അനുസരിച്ചാകും റാങ്ക് നിശ്ചയിക്കപ്പെടുകയെന്നാണ് സോളിസിറ്റർ ജനറൽ അഭിപ്രായപ്പെട്ടത്. ഇന്ത്യ മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ ഒന്നാം റാങ്കിലുള്ള ഉള്ള റിപ്പോർട്ടുകളുണ്ടെന്നും അത് വേണമെങ്കിൽ സുപ്രീം കോടതിക്ക് നൽകാമെന്നും തുഷാർ മേത്ത വ്യക്തമാക്കി. ബിൽക്കിസ് ഭാനു കേസിലെ നടപടിക്കിടെയായിരുന്നു ജസ്റ്റിസ് കെ എം ജോസഫിന്‍റെ പരാമർശം ഉണ്ടായത്.
ബിൽക്കിസ് ബാനു കേസിൽ തീരുമാനം നീളും: ജൂലൈയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി
അതേസമയം ബിൽക്കിസ് ബാനു കേസിലെ വാദം നീളുമെന്നാണ് വ്യക്തമാകുന്നത്. ജൂലൈയിൽ വാദം കേൾക്കാമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതോടെ ജസ്റ്റിസ് കെ എം ജോസഫ് വിരമിക്കും മുമ്പ് ബിൽക്കിസ് ബാനു കേസിൽ തീർപ്പുണ്ടാകില്ലെന്നാണ് വ്യക്തമായത്. പ്രതികൾക്കെല്ലാം നോട്ടീസ് കിട്ടിയിട്ടില്ല എന്ന സാങ്കേതിക വിഷയം കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ മാസം ബിൽക്കിസ് ബാനു കേസ് പരിഗണിക്കവെ, പ്രതികളെ വിട്ടയച്ചതിൽ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി നിരവധി ചോദ്യങ്ങൾ ഉയർത്തിയിരുന്നു. സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ബിൽക്കിസ് ബാനു കേസിൽ പ്രതികൾ കുറ്റം ചെയ്ത രീതി ഭയാനകമെന്നും അഭിപ്രായപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ കെ എം ജോസഫ് , ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് അന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പ്രതികളെ വിട്ടയച്ചതിന് കൃത്യമായ കാരണങ്ങൾ ഗുജറാത്ത് സർക്കാർ ബോധിപ്പിക്കണമെന്നും ജസ്റ്റിസ് കെ എം ജോസഫ് ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്ക് 1500 ദിവസം പരോൾ കിട്ടിയതെങ്ങനെയെന്നും ചോദിച്ച പരമോന്നത കോടതി, സാധാരണ പൗരന് ഈ സൗകര്യം ലഭിക്കുമോ എന്നും ആരാഞ്ഞു.
കർണാടക മുസ്ലീം സംവരണ കേസ്: കേന്ദ്രമന്ത്രി അമിത് ഷായെ വിമർശിച്ച് സുപ്രീം കോടതി